മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഉപനായകനായി പേസ് ബോളർ ജസ്പ്രീത് ബുംറയെ നിയമിച്ച ബിസിസിഐയുടെ തീരുമാനം വിസ്മയിപ്പിച്ചെന്നു മുൻ താരം സയിദ് സാബാ കരിം.
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20 ടീമിലും സ്ഥിരസാന്നിധ്യമായ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കുമെന്നാണു താൻ പ്രതീക്ഷിച്ചതെന്നു പറഞ്ഞ കരിം, ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസ് നായകനെന്ന നിലയിലും മികച്ച പ്രകടനമാണു പന്ത് കാഴ്ചവച്ചതെന്നും ചൂണ്ടിക്കാട്ടി.
ഐപിഎൽ ടീമുകളെ നയിച്ചു പരിചയമുള്ള ഋഷഭ് പന്ത്, ശ്രേയസ് അയ്യർ തുടങ്ങിയവരെ തഴഞ്ഞാണു ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനാക്കിയത്. പരിക്കേറ്റ രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുന്നത്.