പേരൂർക്കട: ലക്ഷക്കണക്കിന് രൂപ ചെലവിട്ടു പൊതുജനങ്ങളുടെ സൗകര്യാർഥം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച ഇ-ടോയ്ലെറ്റ് ഒടുവിൽ കാടുകയറി. ഏകദേശം ആറ് വർഷത്തിൽ മുമ്പാണ് സിവിൽ സ്റ്റേഷനിലെ എ, ബി ബ്ലോക്കുകളുടെ പിൻ വശത്തായി ടോയ്ലെറ്റ് സ്ഥാപിച്ചത്.
എന്നാൽ ടോയ്ലെറ്റിന് ദിവസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാണയം ഉപയോഗിച്ച് പ്രവർത്തിപ്പിച്ച് ഉപയുക്തമാക്കാവുന്ന ഇ-ടോയ്ലെറ്റിൽ പൊതുജനങ്ങൾ കുടുങ്ങുകയും ചെയ്തിരുന്നു.ദിവസങ്ങൾ മാത്രം പ്രവർത്തിച്ചശേഷം ഇ-ടോയ്ലെറ്റ് കേടായതോടെ പിന്നീട് ഇത് അറ്റകുറ്റപ്പണി ചെയ്തിട്ടില്ല.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഉപയോഗിക്കാവുന്ന ടോയ്ലെറ്റിൽ നാണയം ഉപയോഗിച്ച് പൊതുജനങ്ങൾക്ക് സ്വയം പ്രവർത്തിപ്പിക്കുന്ന വിധമായിരുന്നു സംവിധാനം.
ലോഹഭാഗങ്ങൾ മുഴുവൻ തുരുമ്പെടുത്തു മേൽക്കൂരയാകെ കാടുകയറി ഇപ്പോൾ തിരിച്ചറിയാനാകാത്ത നിലയിലാണ് ടോയ്ലെറ്റ്.
ഇ-ടോയ്ലെറ്റ് പ്രവർത്തനക്ഷമമായിരുന്നെങ്കിൽ നൂറുകണക്കിന് പൊതുജനങ്ങൾക്ക് ഇത് ഉപകാരപ്പെടുമായിരുന്നു. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ എത്തുന്ന ജനങ്ങളുടെ അടിസ്ഥാന പ്രശ്നംതന്നെ കംഫർട്ട് സ്റ്റേഷന്റെ അഭാവമാണ്.