ദുബായ് വിമാനാപകടത്തെ അതിജീവിച്ച മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറിന്റെ ജാക്ക്‌പോട്ട് സമ്മാനം. മലയാളിയായ മുഹമ്മദ് ബഷീര്‍ അബ്ദുള്‍ ഖാദറിനാണ് ജാക്ക്‌പോട്ട് അടിച്ചത്. 10 ലക്ഷം യുഎസ് ഡോളര്‍ (36.7 ലക്ഷം ദിര്‍ഹം) ആണ് സമ്മാനത്തുക. അപകടമുണ്ടായി ആറു ദിവസത്തിനു ശേഷമാണ് മുഹമ്മദ് ബഷീറിനെ തേടി സമ്മാനമെത്തുന്നത്. ഓഗസ്റ്റ് മൂന്നിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ തീപിടിച്ച എമിറേറ്റ്‌സ് വിമാനത്തിലെ 300 യാത്രക്കാരില്‍ ഒരാളായിരുന്നു ഇദ്ദേഹം.
ദുബായിയില്‍നിന്നു തിരുവനന്തപുരത്തേക്ക് അവധിക്കു വരുന്നതിനിടെ ദുബായ് വിമാനത്താവളത്തില്‍നിന്നാണ് മുഹമ്മദ് ബഷീര്‍ ടിക്കറ്റെടുത്തത്. 0845 എന്ന നമ്പരിലുള്ള ഈ ടിക്കറ്റിനാണ് ജാക്ക്‌പോട്ട് അടിച്ചതെന്നു ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ദുബായിലെ ഒരു കാര്‍ ഡീലറില്‍ ഫ്‌ലീറ്റ് അഡ്മിനിസ്‌ട്രേറ്ററായി ജോലി നോക്കുകയാണ് മുഹമ്മദ് ബഷീര്‍. മകന്റെ ചികിത്സയ്ക്കായി സമ്മാനത്തുക ചെലവഴിക്കുമെന്ന് മുഹമ്മദ് ബഷീര്‍ അറിയിച്ചു. ജനിച്ചു ദിവസത്തിനുശേഷമുണ്ടായ അപകടത്തില്‍ തളര്‍ന്നു ചികിത്സയിലാണ് ഇദ്ദേഹത്തിന്റെ 21 വയസുള്ള മകന്‍.