പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ലാഭകരമായ പുതിയ റൂട്ടുകൾ കണ്ടെത്തണമെന്ന് യൂണിറ്റ് ഓഫീസർമാർക്ക് കെഎസ്ആർടിസി എംഡിയുടെ നിർദ്ദേശം. ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ ( ഇപികെഎം) 35 രൂപയായി വർദ്ധിപ്പിക്കണം.നിലവിൽ ഇത് 25 രൂപ യിൽ താഴെയാണ്. വരുമാനത്തിന്റെ 74 ശതമാനവും ഡീസൽ വാങ്ങാനാണ് ഉപയോഗിക്കുന്നത്.
ഇത് 45 ശതമാനമായി കുറച്ചു കൊണ്ടുവരണം. കിലോമീറ്ററിന് വരുമാനം വർദ്ധിപ്പിക്കാനാണ് നിർദ്ദേശം. ഇപി കെ എം 25 -ൽ താഴെയുള്ള സർവീസുകൾ വരുമാന വർദ്ധന ഉണ്ടാകുന്ന രീതിയിൽ അടിയന്തിരമായി പുനക്രമീകരിക്കണം.
കെഎസ്ആർടിസി യുടെ സർവീസുകളുടെ എണ്ണം 6000 ആയി വർദ്ധിപ്പിക്കാനാണ് നീക്കം.നിലവിൽ 3300 സർവീസുകളാണ് നടത്തുന്നത്.വിവിധ കേന്ദ്രങ്ങളിൽ കൂട്ടിയിട്ടിരുന്ന ബസുകളിൽ 650 എണ്ണം അറ്റകുറ്റപണികൾ നടത്തി സർവീസിന് യോഗ്യമാക്കിയിട്ടുണ്ട്.
ഇതിന് ബാറ്ററി, ടയർ, സ്പെയർ പാർട്സുകൾ എന്നിവ വാങ്ങാനായി അഞ്ച് കോടി വിനിയോഗിക്കേണ്ടി വന്നുവെന്നും സി എംഡി വ്യക്തമാക്കി.
ജീവനക്കാരുടെയോ ബസുകളുടെയോ അഭാവം കൊണ്ട് സർവീസ് മുടങ്ങുകയോ സമയം തെറ്റി ഓടിക്കുകയോ ചെയ്താൽ യൂണിറ്റ് അധികൃതർക്കെതിരെ നടപടി ഉണ്ടാകും. യൂണിറ്റ് തലത്തിൽ തന്നെ ഷെഡ്യൂൾ പുനക്രമീകരണം നടത്താനും അനുമതി നല്കിയിട്ടുണ്ട്.
ദീർഘദൂര സർവീസുകളുടെ സ്റ്റോപ്പുകളിലേയ്ക്ക് ചെയിൻ സർവീ സോ, ഫീഡർ സർവീസോ നടത്തണം. സൂപ്പർഫാസ്റ്റ് തുടങ്ങിയവയുടെ സർവീസ് ക്രമീകരണം ചീഫ് ഓഫീസ് മുഖേനയായിരിക്കും.
ഇനി മുതൽഎല്ലാ യൂണിറ്റ് ഓഫീസുകളിലും എല്ലാ മാസവും 5-ന് മുമ്പ് യോഗം നടത്തണം. യാത്രക്കാർ, പാസഞ്ചേഴ്സ് അസോസിയേഷൻ ,ജീവനക്കാർ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കണം യോഗം നടത്തി അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കേണ്ടത്. മീറ്റിംഗിനായി 500 രൂപ വിനിയോഗിക്കാനും അനുമതി നല്കിയിട്ടുണ്ട്.