തിരുവനന്തപുരം: ആക്രിക്കടയിൽ നിന്നും പുക ഉയരുന്നു. ഒപ്പം ഇതരസംസ്ഥാന തൊഴിലാളികൾ വെള്ളമെടുത്തു കൊണ്ടുള്ള ഓടുന്നുമുണ്ട്. നിമിഷനേരത്തിനുള്ളിൽ തീ ആളിപ്പടരുന്നതാണ് കണ്ടത്.
കരമന കിള്ളിപ്പാലത്തെ തീ പിടിച്ച ആക്രിക്കടയ്ക്കു സമീപമുള്ള വ്യാപാര സ്ഥാപനത്തിലെ ജിജിയുടെ വാക്കുകളാണിത്. പുറത്തേയ്ക്ക് ഇറങ്ങിനോക്കുന്പോൾ കാണുന്നത് തൊട്ടടുത്തു നില്ക്കുന്ന തെങ്ങിനേക്കാൾ ഉയരത്തിൽ തീ ആളുന്നു.
എന്തു ചെയ്യണമെന്നുപോലും അറിയാത്ത നിമിഷങ്ങൾ. ഇക്കാര്യങ്ങൾ വിവരിക്കുന്പോഴും ജിജിയുടെ ഭീതി വിട്ടുമാറിയിരുന്നില്ല.
തീപടരുന്നത് കണ്ടതോടെ അടുത്തുണ്ടായിരുന്ന വാഹനങ്ങൾ നീക്കിവച്ചു. ഇലക്ട്രിക് പോസ്റ്റിലെ സ്പാർക്കിംഗ് ആണ് അപകടത്തിന് കാരണമെന്ന കൂടുതൽ വെളിപ്പെടുത്തൽ ജിജിയുടെ വാക്കുകളിൽ തന്നെയുണ്ട്.
ഞായറാഴ്ചച് രാത്രിയും ആക്രിക്കടയ്ക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലെ കന്പിയിൽ തീപ്പൊരി കണ്ടിരുന്നു. സ്പാർക്കിംഗിനു ശേഷം വൈദ്യുതി ബന്ധവും നഷ്ടമായിരുന്നു.
രാത്രി വൈകി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ഇന്നലെ രാവിലെയും പോസ്റ്റിൽ തീപ്പൊരിയുണ്ടായി. കെഎസ്ഇബി ജീവനക്കാരെത്തി പരിശോധിക്കുന്നത് കണ്ടതാണ്.
ഇവർ മടങ്ങിയ ശേഷമാണ് സംഭവമുണ്ടായതെന്നും ജിജി പറയുന്നു.ഇലക്ട്രിക് പോസ്റ്റിൽ തീപ്പൊരി കണ്ടിരുന്നതായി സമീപത്തെ വർക്ക്ഷോപ്പിലെ ജീവനക്കാരനായ ലിയോണും പറയുന്നു.
ആക്രി ഗോഡൗണിൽ മുന്പ് ഗ്യാസ്ചോർച്ച ഉണ്ടായതായി സമീപവാസി
തിരുവനന്തപുരം: ആക്രിഗോഡൗണിൽ ഇതിനു മുന്പ് അപകടം തലനാരിഴയ്ക്കാണ് ഒഴിവായതെന്നു സമീപവാസിയായ സൗമ്യ. മാസങ്ങൾക്ക് മുന്പ് രൂക്ഷമായ പാചകവാതക ഗ്യാസ് ഗന്ധം ഈ മേഖലയിൽ അനുഭവപ്പെട്ടു.
തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗ്യാസ് സിലണ്ടർ ആക്രി ഗോഡൗണിൽ കണ്ടെത്തി. തുടർന്ന് അധികൃതരെ അറിയിക്കുകയായിരുന്നുവെന്നും സൗമ്യ പറഞ്ഞു.
ഗോഡൗണിലെ തീ പടർന്നത് എസ്ബിഐ ജീവനക്കാരൻ ശിവകുമാറിന്റെ പുതിയ വീട്ടിലേക്കാണ്. ഒന്നാം നിലയിലെ ഹാളിലെ ജനലുകളും രണ്ടാം നിലയിലെ വാതിലും കത്തി നശിച്ചു.
അയൽവാസിയാണ് സംഭവം വിളിച്ചറിയിച്ചതെന്നും ഉടൻ വീട്ടിലേക്ക് എത്തുകയായിരുന്നെന്നും ശിവകുമാർ പറഞ്ഞു.
എളുപ്പം തീപിടിക്കുന്ന ആക്രി സാധനങ്ങളാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
ഇത് മാറ്റണമെന്ന് ഉടമസ്ഥനോട് പറഞ്ഞിരുന്നു. മൂന്ന് ദിവസം മുന്പും ഇക്കാര്യം ഓർമിപ്പിച്ചു.എന്നാൽ ഇതു നീക്കിയില്ല. എട്ടു മാസം മുന്പ് കയറി താമസിച്ച വീടാണ് ഭാഗികമായി കത്തിനശിച്ചതെന്ന് ശിവകുമാർ ദുഖത്തോടെ പറഞ്ഞു.