പാലാ സ്വദേശി നിർമിച്ച മഹേന്ദ്ര കട്ട്ചേസ് ജീപ്പിന്റെ മിനിയേച്ചർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
പാലാ ചെത്തിമറ്റത്ത് വർക്ക്ഷോപ്പ് നടത്തുന്ന ഷിനു കെ. ജി. (അനിയൻ)യാണ് ജീപ്പിന്റെ മിനിയേച്ചർ നിർമിച്ച് താരമായിരിക്കുന്നത്. സുഹൃത്തായ കെഎസ്ആർടിസി ഡ്രൈവർ രതീഷ് ജീപ്പ് ഓടിക്കുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
നിർമിച്ചത് കുട്ടികൾ വേണ്ടി, ഓടിക്കുന്നത് മുതിർന്നവർ
സഹോദരന്റെ മക്കൾക്കു വേണ്ടിയാണ് ഷിനു മിനിയേച്ചർ നിർമിക്കാൻ തീരുമാനിച്ചത്. ആറു വർഷം മുന്പാണ് പണി ആരംഭിച്ചത്. പല തിരക്കുകളും കാരണം പണി നീണ്ടുപോയി.
2020ൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മിനിയേച്ചർ നിർമാണത്തിന് കൂടുതൽ സമയം കിട്ടി. കഴിഞ്ഞ ദിവസമാണ് വാഹനം പൂർത്തിയായത്.
രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് ജീപ്പ് നിർമിച്ചിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടിയാണ് വണ്ടി നിർമിച്ചതെങ്കിലും വാഹനം കാണാനെത്തുന്ന മുതിർന്നവരാണ് ഇപ്പോൾ കൂടുതലും വാഹനം ഓടിക്കുന്നത്.
ഒരു കട്ട്ചേസ് ജീപ്പിലുള്ള എല്ലാ ഭാഗങ്ങളും മിനിയേച്ചറിലും ഷിനു ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫസ്റ്റ് ഗീയറും ടോപ്പ് ഗിയറും റിവേഴ്സ് ഗിയറും വാഹനത്തിലുണ്ട്.
ലൈറ്റുകൾ, സ്റ്റിയറിംഗ്, സീറ്റ് തുടങ്ങിയവയെല്ലാം ഭംഗിയായി വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആറു വാഹനങ്ങളുടെ പാർട്സ്
ആറു വാഹനങ്ങളുടെ പാർട്സുകൾ ഇതിനായി ഉപയോഗിച്ചെന്ന് ഷിനു ദീപിക ഡോട് കോമിനോട് പറഞ്ഞു. ആക്ടീവയുടെ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.
ടാറ്റ 407, വിക്രം, ഹീറോ ഹോണ്ട സ്പ്ലെൻഡർ, ബുള്ളറ്റ്, മാരുതി വാൻ തുടങ്ങിയ വാഹനങ്ങളുടെ പാർട്സുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
നിർമാണത്തിനിടെ പലപ്പോഴും പണി നിർത്തുന്നതിനെക്കുറിച്ച് ആലോച്ചിരുന്നു. മിനിയേച്ചറിന്റെ ആവശ്യത്തിനുള്ള ചെറിയ സാധനങ്ങളുടെ ലഭ്യതക്കുറവും സാധനങ്ങളുടെ വിലക്കയറ്റവും പ്രതിസന്ധി സൃഷ്ടിച്ചു.
ഒന്നരലക്ഷത്തിലധികം രൂപ മിനിയേച്ചർ നിർമിക്കാൻ ചെലവായെന്ന് ഷിനു പറയുന്നു.
മിനിയേച്ചർ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ആളുകൾ എത്തുന്നുണ്ട്. വിൽപ്പനയെക്കുറിച്ച് താത്ക്കാലം ചിന്തിക്കുന്നില്ല. ഇതുപോലെ വാഹനം നിർമിച്ചു നൽകുമോ എന്നും ആളുകൾ അന്വേഷിക്കുന്നുണ്ട്.
പക്ഷെ തത്ക്കാലം അക്കാര്യത്തിലും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഷിനു പറഞ്ഞു. ഭാര്യ സൗമ്യയും കുടുംബവും ഷിനുവിന് പിന്തുണയുമായി കൂടെയുണ്ട്.
സോനു തോമസ്