ഷൊർണൂർ : പഴയ കൊച്ചിൻ പാലം രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളുടെ സ്മാരകമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്കി.
നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചാണ് മേൽപറഞ്ഞ ആവശ്യമുന്നയിച്ച് നിവേദനം നൽകിയത്. പാലം ബലപ്പെടുത്തി, രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചവരുടെ സ്മാരകമാക്കി സംരക്ഷിക്കണമെന്നാണ് ഉയർന്നുവന്നിട്ടുള്ള ജനകീയാവശ്യം.
എന്നാൽ പാലത്തെ സ്മാരകമാക്കാൻ സാന്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാൽ സർക്കാർ ഇതിനു തയാറാവുമോയെന്ന കാര്യം കണ്ടറിയണം. സംസ്ഥാനത്തെ അപൂർവമായ റെയിൽ റോഡ് പാലമായിരുന്നു പഴയ കൊച്ചിൻ പാലം.പുരാവസ്തു സംരക്ഷണ സമിതി എന്ന പേരിലാണ് സംഘടന രൂപീകരിച്ച് കൊച്ചിൻ പാലം സംരക്ഷിക്കാൻ പദ്ധതിയിട്ടത്.
ഇതിനിടെ സുരക്ഷാപ്രശ്നം ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് പാലം പൊളിച്ച് വില്പ്പന നടത്താനുള്ള ശ്രമവും ഉണ്ടായിരുന്നു. കൊച്ചി മഹാരാജാവ് 1900ത്തിൽ 84 ലക്ഷം രൂപ ചെലവഴിച്ച് ബ്രിട്ടീഷ് സഹായത്തോടെ നിർമിച്ചതാണ് പഴയ കൊച്ചിൻ പാലം. കാലപ്പഴക്കം വന്നതോടെ പുതിയ പാലം നിർമിക്കുകയും പഴയ പാലത്തിൽ ഗതാഗതം നിരോധിക്കുകയും ചെയ്തു.
ടൂറിസം പദ്ധതിയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ടെങ്കിലും സംരക്ഷിക്കാൻ വൈകിയതിനാൽ 2011ൽ മധ്യഭാഗത്തെ സ്പാൻ തകർന്നുവീണു. പിന്നീട് ജനകീയ ആവശ്യത്തെ തുടർന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ പാലം പരിശോധിച്ചു
. 1900ൽ നിർമിച്ചതാണെന്നുള്ള മുദ്രണം പാലത്തിന്റെ ഇരുന്പു സ്പാനിൽ കണ്ടെത്തിയിരുന്നു. തടയണ വന്നതോടെ ജലനിരപ്പ് ഉയരുകയും പാലം സംരക്ഷിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുമെന്നുമാണ് വിലയിരുത്തൽ. നിലവിൽ പാലം കൂടുതൽ ദുർബലമായി സ്പാനുകൾ തകർന്ന് വീഴുന്നുണ്ട്.
പൂർണമായും തകർന്നുവീഴാനുള്ള സാധ്യതയും നിലനിൽക്കുകയാണ്. കൊച്ചി മലബാർ ഐക്യത്തിനു വലിയ പങ്കുവഹിച്ച റെയിൽറോഡ് സംവിധാനം ഉണ്ടായിരുന്ന പാലത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയുമായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.
പൈതൃക സന്പത്തായി കരുതി പാലത്തെ സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്. പുരാവസ്തു വകുപ്പധികൃതർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാത്ത അവസ്ഥയാണ്.