മുക്കം: അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകന്റെ സ്മരണയ്ക്കായി വിദ്യാലയത്തിൽ കുട്ടികളുടെ പാർക്ക് ഒരുക്കി അധ്യാപകർ. നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന കെ.വി. അബ്ദുൽ നാസറിന്റെ ഓർമകൾക്കായാണ് ഈ വർഷം സേവനത്തിൽ നിന്ന് വിരമിക്കുന്ന മൂന്ന് അധ്യാപകർ ചേർന്ന് പാർക്ക് ഒരുക്കിയത്.
പ്രീ പ്രൈമറി വിഭാഗവും കുട്ടികളുടെ പാർക്കും മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ.വി. അബ്ദുൽ മജീദും അറബിക് അധ്യാപിക കെ.ടി. നസീമയും ഹിന്ദി അധ്യാപിക സി. സരോജിനിയും ചേർന്നാണ് കുട്ടികളുടെ പാർക്ക് ഒരുക്കിയത്.
പാർക്കിന് വർണ ചാരുതയേകാൻ ഇതേ സ്കൂളിലെ മുൻ അധ്യാപകനായ സിഗ്നിദേവരാജൻ ഹൈസ്കൂൾ കെട്ടിടത്തിന്റെ പിൻഭാഗത്തെ ചുമരിൽ മനോഹരമായ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഊഞ്ഞാലും കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ മറ്റു സംവിധാനങ്ങളുമുണ്ട്.
ഈ വിദ്യാലയത്തിലെ പ്രൈമറി അധ്യാപകനായിരുന്ന കെ.വി. അബ്ദുൽ നാസർ കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ഹൃദയസ്തംഭനം മൂലം മരണയപ്പെട്ടത്. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ ഓർമയ്ക്കാണ് പ്രീ പ്രൈമറി സ്കൂളിനോടു ചേർന്ന് കുട്ടികളുടെ പാർക്ക് കൂടി നിർമിച്ചത്.
ഒരു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നിർമിച്ച പാർക്ക് പാർക്ക് രൂപ കൽപ്പന ചെയ്ത വിദ്യാലയത്തിലെ പൂർവഅധ്യാപകരായ സിഗ്നിദേവരാജനെയും എം.കെ. ബാബുവിനെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. നഗരസഭാ കൗൺസിലറും പിടിഎ പ്രസിഡന്റുമായ എം.കെ. യാസർ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ അബ്ദുൾ മജീദ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ വി.കെ. പ്രസാദ്, പി.പി. അബൂബക്കർ, പി.വി. സാദിഖ്, കെ.ടി. നസീമ, സി. സരോജിനി, ടോമി ചെറിയാൻ, ജാഫർ ചെമ്പകത്ത്, എം.എൽ. ഷീജ, ഇ.കെ. അബ്ദുൽ സലാം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.