ഷാജിമോന്‍ ജോസഫ്
കൊച്ചി: സിപിഐയുടെ കോണ്‍ഗ്രസ് അനുകൂലനിലപാടിനെതിരേ സിപിഎം ശക്തമായി രംഗത്തുവന്നതോടെ ഇടതുമുന്നണിയില്‍ വിവാദം കൊഴുക്കുന്നു. മറ്റു ഘടകകക്ഷികള്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കില്കൂടി പ്രധാന രണ്ടു കക്ഷികള്‍ തമ്മിലുള്ള വാക്പോര് വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കിയേക്കാമെന്ന ആശങ്ക മുന്നണിയില്‍നിന്നുതന്നെ ഉയരുന്നുണ്ട്.
സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാനേ ഉപകരിക്കൂവെന്നും ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ പറഞ്ഞുകഴിഞ്ഞു.
ഇതു തിരിച്ചറിഞ്ഞാവണം ബിനോയ് വിശ്വം തന്റെ നിലപാട് മയപ്പെടുത്തി ഇന്നലെ വൈകിട്ട് രംഗത്ത് എത്തിയത്. കോണ്‍ഗ്രസ് നെഹ്റുവിലേക്കു മടങ്ങണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സിപിഎം-സിപിഐ ഭിന്നത ഇല്ലെന്നും പറഞ്ഞ അദ്ദേഹം തൃക്കാക്കരയില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും വ്യക്തമാക്കി.
അതേസമയം ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല പരാമര്‍ശം തികച്ചും വ്യക്തിപരമാണെന്നോ യാദ്യശ്ചികമാണെന്നോ കരുതാനാവില്ല. അദ്ദേഹത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാര്‍ട്ടി മുഖപത്രമായ ജനയുഗവും രംഗത്തുവന്നതോടെ അതു പാര്‍ട്ടിനിലപാടു തന്നെയാണെന്ന് അടിവരയിടുന്നു.
സംസ്ഥാനത്ത് സിപിഎം-സിപിഐ ഭിന്നത ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയില്‍വച്ചാണ് ബിനോയ് വിശ്വം മൃദുകോണ്ഗ്രസ് നിലപാട് പ്രകടിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. കുറേ നാളുകളായി ഇരുപാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച ജില്ലയില്‍ വര്‍ധിച്ചുവരികയാണ്. സിപിഎമ്മില്‍നിന്ന് സിപിഐയിലേക്കും സിപിഐയില്‍നിന്ന് സിപിഎമ്മിലേക്കും നിരവധി പേര് ചേക്കേറുകയും ചെയ്തു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും ജില്ലയില്‍ മുന്നണിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെപോയതിന്റെ പേരില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ആരോപണ, പ്രത്യാരോപണങ്ങള്‍ അരങ്ങേറിയിരുന്നു.
മണ്ഡല രൂപീകരണം മുതല്‍ തൃക്കാക്കരയില്‍ ഇതുവരെ വിജയിക്കാന്‍ കഴിയാത്ത ഇടതുമുന്നണി എന്തു വിലകൊടുത്തും ഇക്കുറി മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാനുള്ള തയാറെടുപ്പുകളിലേക്ക് നീങ്ങുമ്പോഴാണ് അതിനു ക്ഷീണമുണ്ടാക്കുന്ന തരത്തിലുള്ള സിപിഐ നിലപാട്.
അതേസമയം തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ബാലികേറാമലയായ തൃക്കാക്കരയില്‍ ഇക്കുറിയും വിജയിക്കാനാകാതെപോയാല് സിപിഐയുടെ മേല്‍ പഴിചാരി തലയൂരാമെന്ന തന്ത്രവും കോടിയേരിയുടെ പരാമര്‍ശത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതിനിടെ തൃക്കാക്കരയില്‍ പരാജയഭീതി മുന്നില്‍കണ്ട് മുന്‍കൂര്‍ ജാമ്യമെടുക്കലാണ് കോടിയേരി ബാലകൃഷ്ണന് നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രാഷ്ട്രദീപികയോടു പറഞ്ഞു.
കോണ്‍ഗ്രസിനേ ബിജെപിയെ എതിര്‍ക്കാന്‍ ശേഷിയുള്ളൂവെന്ന സിപിഐയുടെ നിലപാട് വിവേകത്തിന്റേതാണ്. എന്നാല്‍ സിപിഎം നേതാക്കള്‍ ഇപ്പോഴും വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.