എരുമേലി: അലറിപ്പാഞ്ഞെത്തിയ മലവെള്ളത്തിന് മുന്പിൽനിന്നും മൂന്നു ജീവനുകൾ രക്ഷിക്കുന്നതിനിടെ നഷ്ടമായ സ്വന്തം ജീവിതമാർഗം റോബിന് തിരികെനൽകി നാടിന്റെ സ്നേഹാദരം.
പമ്പാവാലി സ്വദേശി പുതിയത്ത് റോബിൻ തോമസിനാണ് പുതുവർഷത്തിൽ നാടിന്റെ കരുതൽ പുതുവെളിച്ചം നൽകുന്നത്.
ഒക്ടോബറിലുണ്ടായ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമാണ് റോബിന് തന്റെ ഏക വരുമാന മാർഗമായ ഓട്ടോറിക്ഷ നഷ്ടപ്പെടുന്നത്.
നിനച്ചിരിക്കാത്ത നേരത്ത് മിന്നൽവേഗത്തിലെത്തിയ പ്രളയംമൂലം അപകടത്തിൽപ്പെട്ടുപോയ അയൽവീട്ടിലെ മൂന്നു സ്ത്രീകളെയും അവരുടെ കുട്ടികളെയും സ്വന്തം ജീവൻ പണയപ്പെടുത്തി റോബിൻ രക്ഷപ്പെടുത്തുകയായിരുന്നു.
തൊട്ടുപിന്നാലെ പാഞ്ഞുവന്ന മലവെള്ളത്തിൽ വീടിനു മുന്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഒലിച്ചുപോയി.
തലയ്ക്കു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതോടെ കഠിനമായ ജോലികൾ ചെയ്യുന്നതിൽ ഡോക്ടർമാരുടെ വിലക്കുകൂടി ആയതോടെ പ്രതിസന്ധികൾ മുട്ടിവിളിച്ച റോബിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് പ്രതീക്ഷയുടെ കൈത്തിരി തെളിച്ചു വന്നത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും കേരള കോൺഗ്രസ് – എം എരുമേലി മണ്ഡലം കമ്മിറ്റിയുമാണ്.
പ്രളയ മേഖലയിൽ സന്ദർശനം നടത്തിയപ്പോഴാണ് റോബിന്റെ ദുരന്ത അനുഭവം എംഎൽഎ അറിയുന്നത്.
തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നിർദേശപ്രകാരം പാർട്ടി അംഗങ്ങളുടെ ശ്രമഫലമായി പിരിച്ചെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ ഓട്ടോറിക്ഷ, കാരുണ്യ എന്ന പേര് നൽകി എംഎൽഎതന്നെ റോബിനു കൈമാറി.
കേരള കോൺഗ്രസ്-എം ഏയ്ഞ്ചൽവാലി വാർഡ് കമ്മിറ്റി പ്രസിഡന്റ് ലിൻസ് വടക്കേൽ അധ്യക്ഷത വഹിച്ചു. തോമസ് കൊല്ലറാത്ത് മുഖ്യ പ്രഭാഷണം നടത്തി.
സഖറിയ ഡൊമിനിക്ക്, തോമസ് വട്ടോടിയിൽ, കെ.കെ. ബേബി കണ്ടത്തിൽ, സിബി കൊറ്റനെല്ലൂർ, ജോബി ചെമ്പകത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.