കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ടു താമരശേരി തച്ചൻപൊയിൽ സ്വദേശി മൂലടക്കൽ അബൂബക്കർ സിദിഖി(30)നെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
ഇന്നലെ വൈകിട്ട് കൊടുവള്ളിയിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്തതിൽ സംഭവ ദിവസം താമരശേരിയിൽ നിന്നു വന്ന സ്വർണക്കടത്ത് സംഘത്തോടൊപ്പം അബൂബക്കർ സിദിഖും ഉണ്ടായിരുന്നതായും പാലക്കാട് സംഘം വന്ന ബൊലറോ അപകടത്തിൽപ്പെട്ടു കിടക്കുന്നതു കണ്ടതായും പറയുന്നു.
അറസ്റ്റിലായ അബൂബക്കർ സിദിഖിൽ നിന്നു താമരശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നു ലഭിച്ച മൊബൈൽ ഫോണ് പരിശോധിച്ചതിൽ സുപ്രധാനമായ വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്.
കരിപ്പൂർ എയർപോർട്ടു വഴി ദിവസവും അനധികൃതമായി സ്വർണം കടത്തികൊണ്ടു പോകുന്നതിന്റെ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു സഹായിച്ച ചില ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് വിവരം.
എയർപോർട്ടിലെ തത്കാലിക ജീവനക്കാരെയും കോവിഡ് ഡ്യൂട്ടിക്ക് എത്തിയവരെയും സ്വാധീനിച്ച് സ്വർണം കടത്തിയതായുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. അബൂക്കർ സിദിഖിന്റെ സംഘത്തിലെ ചിലർ വിദേശത്തേക്കു കടന്നതായി സൂചനയുണ്ട്.
അർജുൻ ആയങ്കിയെ അപായപ്പെടുത്താൻ ടിപ്പർ ലോറിയടക്കമുള്ള വാഹനങ്ങളുമായി എത്തിയത് അബൂബക്കർ സിദിഖ് ഉൾപ്പെട്ട സംഘമായിരുന്നു.
80 ഓളം പേർ സംഭവ ദിവസം വിവിധ വാഹനങ്ങളിലായി എയർപോർട്ടിൽ വന്നതായും തിരിച്ചറിയുന്നതിന് വാഹനങ്ങളിൽ സ്റ്റിക്കറും എല്ലാവർക്കും പ്രത്യേകതരം മാസ്ക്കും വിതരണം ചെയ്തത് ഇവരുൾപ്പെട്ട സംഘമാണെന്നും അറിവായിട്ടുണ്ട്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 66 ആയി. 25 വാഹനങ്ങളും പിടിച്ചെടുത്തു.