കൊച്ചി: ഇടപ്പള്ളിയില്‍ എഎസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച ബിച്ചു നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി.
2017 ഫെബ്രുവരിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് ഇയാള്‍ സുനിക്കൊപ്പം കാക്കനാട് ജില്ല ജയിലിലെ ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്.
ബിച്ചുവിനെ വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുപോയ സമയത്ത് നടന് ദിലീപിന് നല്‍കാനായി പള്‍സര്‍ സുനി കത്തുകൊടുത്തുവിട്ടത് ബിച്ചുവിന്റെ കൈവശമായിരുന്നു.
ഈ കത്ത് ദിലീപുമായി ബന്ധമുള്ള ഒരാളെ ഇയാള്‍ ഏല്‍പ്പിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിചാരണയ്ക്കുശേഷം ബിച്ചുവിനെ കേസിലെ മാപ്പു സാക്ഷിയാക്കുകയുണ്ടായി.
2016-17 കാലയളവില്‍ കളമശേരി, പാലാരിവട്ടം, തൃക്കാക്കര, ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരേ 26 ലധികം കേസുകളുണ്ടായിരുന്നു.
ഇതിലാണ് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. അതേസമയം ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ബിച്ചുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
ഇടപ്പളളിയില്‍ ബൈക്ക് മോഷ്ടാവായ ബിച്ചുവിനെ പിടികൂടുന്നതിനിടെ എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഗിരീഷ് കുമാറിന് കൈക്ക് കുത്തേറ്റത് ഇന്നലെയായിരുന്നു.
നൈറ്റ് പട്രോളിംഗിനിടെ ഇടപ്പള്ളി ജംഗ്ഷനിലൂടെ ബിച്ചു ബൈക്ക് തള്ളിക്കൊണ്ടു പോകുന്നതു ശ്രദ്ധയില്‍പ്പെട്ട ഗിരീഷ് കുമാറും സിപിഒ ബ്രൂണോയും ചേര്‍ന്നു തടയാന്‍ ശ്രമിച്ചു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി.
പിന്തുടര്‍ന്ന പോലീസ് സംഘം ഇയാളെ വളയുന്നതിനിടെ പേനാക്കത്തി കൊണ്ട് ഗിരീഷ് കുമാറിനെ കുത്തുകയായിരുന്നു. അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഎസ്ഐയുടെ കൈയ്ക്ക് രണ്ട് തുന്നലുണ്ട്.
പരിക്ക് ഗുരുതരമല്ല. കുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബിച്ചുവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ഇയാളുടെ കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.