തുറവൂർ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്ക് നൽകുന്ന മണ്ണെണ്ണ പെർമിറ്റിന്റെ മറവിൽ വൻ കൊള്ള നടക്കുന്നതായി ആരോപണം .
സർക്കാരിന്റെ പരിശോധന സമയത്ത് വള്ളവും എൻജിനും പരിശോധിച്ചാണ് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ മണ്ണെണ്ണ പെർമിറ്റ് ലഭിച്ചതിനുശേഷം ഈ പെർമിറ്റുകൾ മണ്ണെണ്ണ വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്നതായാണ് ആരോപണമുയർന്നിരിക്കുന്നത്.
മത്സ്യ തൊഴിലാളികളുടെ കൈയ്യിൽ പണമില്ലാതെ വരുമ്പോൾ കുറഞ്ഞ തുക കൊടുത്ത് മണ്ണെണ്ണ മൊത്തവ്യാപാരികൾ മത്സ്യത്തൊഴിലാളികളിൽ നിന്ന് ഇത്തരത്തിലുള്ള സർക്കാർ പെർമിറ്റ് കൈക്കലാക്കുകയുംസർക്കാറിൽനിന്ന് സബ്സിഡി മണ്ണെണ്ണ എടുത്ത് ഇരട്ടി വിലക്ക് മത്സ്യത്തൊഴിലാളികൾക്കും മറ്റും മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്.
ലിറ്ററിന് 50 രൂപ നിരക്കിൽ ഒരു മാസം 90 ലിറ്റർ മണ്ണെണ്ണയാണ് ഒരു എൻജിന് ലഭിക്കുന്നത്. ഇത് നൂറു മുതൽ നൂറ്റി അൻപത് രൂപ വിലക്കാണ് മണ്ണെണ്ണ മാഫിയ മറിച്ച് മത്സ്യതൊഴിലാളികൾക്ക് തന്നെ വിൽക്കുന്നത്.
വ്യാജ മണ്ണെണ്ണ
ഇത്തരത്തിൽ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെർമിറ്റ് കൈക്കലാക്കി വൻതോതിൽ മണ്ണെണ്ണ ശേഖരിക്കുന്ന വ്യാപാരികൾ, തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും കവചിത ലോറിയിൽ കൊണ്ടുവരുന്നവ്യാജ മണ്ണെണ്ണ ഇതിൽ കൂട്ടി വിൽപ്പന നടത്തുകയും ചെയ്യുന്നതായും ആരോപണമുയർന്നു.
ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന വ്യാജ മണ്ണെണ്ണ ഉപയോഗിക്കുന്നതിലൂടെ വള്ളങ്ങളുടെ എൻജിൻ തകരുകയും മത്സ്യത്തൊഴിലാളികൾക്ക് വൻ കടബാധ്യത ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
തീരദേശം കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ സർക്കാർ മണ്ണെണ്ണ കൊള്ളയടിക്കുന്നത്. സാധാരണ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടും സർക്കാർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി ആണ് ഇത്തരം മണ്ണെണ്ണ മാഫിയ തീരദേശമേഖലയിൽ പ്രവർത്തിക്കുന്നത് .
ഹാർബറുകൾ കേന്ദ്രീകരിച്ച് മണ്ണെണ്ണ ബങ്കുകൾ സ്ഥാപിക്കുകയും മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ പെർമിറ്റും ആയിട്ട് വരുമ്പോൾ നേരിട്ട് മണ്ണെണ്ണ നൽകുകയും ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടും സർക്കാർ ഇത് ചെവിക്കൊള്ളുന്നില്ല.
മണ്ണെണ്ണ മാഫിയ
ചെല്ലാനം ,പള്ളിത്തോട് ചാപ്പക്കടവ് ,ഒറ്റമശ്ശേരി ,അന്ധകാരനഴികേന്ദ്രീകരിച്ചാണ് മണ്ണെണ്ണ മാഫിയ പ്രവർത്തിക്കുന്നത്.. വരുന്ന 16ന് ആണ് കേരളത്തിലെ മുഴുവൻ വള്ളങ്ങളും എൻജിനുകളും മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായി പരിശോധന നടക്കുന്നത് .
മണ്ണെണ്ണ പെർമിറ്റുകൾ മറിച്ച് വിൽക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇത്തരം മറിച്ച് വിൽപ്പന നടത്തുന്നവരുടെ ലൈസൻസുകൾ റദ്ദു ചെയ്യണമെന്നും, മത്സ്യ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മണ്ണെണ്ണ മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.