തിരുവല്ല: ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് പിന്നാക്ക വിഭാഗങ്ങളോട് അയിത്തമാണെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഈഴവസമുദായം വളരെയേറെ പിന്നിലാണ്.
ഒരുപാട് നിവേദനങ്ങളും പരിദേവനങ്ങളുമൊക്ക നൽകിയിട്ടും തിരുവല്ല ശ്രീനാരായണവിലാസം സംസ്കൃത ഹൈസ്കൂളിന് ഇതുവരെയും പ്ലസ് ടു അനുവദിക്കാത്തത് നീതികേടാണ്. ഏഴ് ജില്ലകളിൽ ഇപ്പോഴും ഈഴവ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ല.
സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് പിന്നാക്ക വിഭാഗങ്ങളുടെ സഹായങ്ങൾ അട്ടിമറിക്കുമ്പോൾതന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറെയുള്ള സംഘടിത സമുദായങ്ങൾക്ക് വാരിക്കോരി നൽകാനും മടിയില്ല.
സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസവുമായ അയിത്തം കൽപ്പിച്ച് അകറ്റിനിർത്തുന്ന വിഭാഗമായി പിന്നാക്കക്കാർ എത്തിനിൽക്കുന്നു.
അവസരവാദ രാഷ്്ട്രീയത്തിൽ സംഘടിത വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ വാരിക്കോരി നൽകാൻ മത്സരിക്കുകയാണ്.പിന്നാക്കവിഭാഗങ്ങളെ സഹായിക്കേണ്ട ബാധ്യതയുള്ള ജനപ്രതിനിധികൾ കൊടുംവഞ്ചനയാണ് കാണിക്കുന്നത്.
പിന്നാക്കക്കാർ അവകാശങ്ങളോ ആവശ്യങ്ങളോ ഉന്നയിച്ചാൽ അതിനെ ജാതിയായും മറ്റുള്ളവർ ഉന്നയിച്ചാൽ അതിനെ നീതിയായും കണക്കാക്കുന്ന ദുരവസ്ഥയാണ് നമ്മുടെ ജനാധിപത്യത്തിലേത്.
സംഘടിച്ചു ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള ഗുരുസന്ദേശം പ്രാവർത്തികമാക്കിയാൽ മാത്രമേ അധികാരം അധഃസ്ഥിതനിൽ എത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.