നാദാപുരം: ഒരു കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ യുവാവിനെ തേടി കാസർഗോഡ് സംഘമെത്തി.
കാസർഗോഡ് ഉപ്പള സ്വദേശികൾക്കായി ഷാർജയിൽനിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കോടി രൂപയുടെ സ്വർണക്കട്ടികളുമായി എത്തിയ പുറമേരി സ്വദേശിയാണ് മുങ്ങിയത്.
ജനുവരി ഒന്നിനു പുലർച്ചെയാണ് സ്വർണവുമായി യുവാവ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.
എന്നാൽ, സ്വർണം ഇടപാടുകാർക്കു നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. ഇയാളെ കാത്തു കാസർഗോഡ് സംഘം വിമാനത്താവളത്തിനു പുറത്തു നിന്നിരുന്നു.
സ്വർണം ലഭിക്കാതായതോടെ കാസർഗോഡ് നിന്നെത്തിയ സംഘം യുവാവിന്റെ പുറമേരിയിലെ വീട്ടിലും ഭാര്യ വീട്ടിലും അന്വേഷിച്ചെത്തിയതു വീട്ടുകാരിലും നാട്ടുകാരിലും ഭീതി പരത്തിയിട്ടുണ്ട്.
യുവാവ് വീട്ടിൽ എത്തിയില്ലെന്നാണ് വീട്ടുകാർ കാസർകോഡ് സംഘത്തെ അറിയിച്ചത്. യുവാവിന്റെ ഭാര്യ വീട്ടിലും ഇതേ സംഘമെത്തി അന്വേഷണം നടത്തി.
ഇതിനിടയിൽ വ്യാഴാഴ്ച രാവിലെ ഷാർജയിൽനിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഒരു കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ പുറമേരിക്കാരന്റെ വീട്ടിലെത്തി.
സ്വർണവും മറ്റ് സാധനങ്ങളും യുവാവ് വഴി കൊടുത്തയച്ചതായി വീട്ടുകാരോടു പറഞ്ഞു. ഇതു ലഭിക്കാതായതോടെയാണ് തേടി എത്തിയതെന്നുമാണ് വീട്ടുകാരോടു പറഞ്ഞത്.
ഇതോടെ വീട്ടുകാർ കാഞ്ഞങ്ങാട് സ്വദേശിയെക്കുറിച്ചു നാദാപുരം സ്റ്റേഷനിൽ പരാതി പറഞ്ഞതിനെത്തുടർന്നു നാദാപുരം പോലീസെത്തി കാഞ്ഞങ്ങാട് സ്വദേശിയെ നാദാപുരം സ്റ്റേഷനിൽ എത്തിച്ചു സിഐയുടെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ ആരംഭിച്ചു.
ഷാർജയിൽനിന്നു കരിപ്പൂർ വിമാനമിറങ്ങിയ കാഞ്ഞങ്ങാട്ട് സ്വദേശി യുവാവിനെ തേടി നേരെ പുറമേരിയിൽ എത്തുകയായിരുവെന്നാണ് വിവരം.
ഇതിനിടെ, സ്വർണവുമായെത്തിയ പുറമേരിയിലെ യുവാവ് സ്വർണം കണ്ണൂർ ജില്ല കേന്ദ്രീകരിച്ചുള്ള ക്രിമിനൽ ക്വട്ടേഷൻ ടീമിലെ പൊട്ടിക്കൽ സംഘത്തിനു കൈമാറിയതായാണ് പോലീസിനു വിവരം ലഭിച്ചത്.
കരിപ്പൂർ വിമാനത്താവള പരിസരത്തു വച്ചുതന്നെ പുറമേരി സ്വദേശി സ്വർണം കണ്ണൂർ ടീമിനു കൈമാറുകയായിരുന്നു.
കാഞ്ഞങ്ങാട് സ്വദേശിയെ നാദാപുരം സിഐയുടെ നേതൃത്വത്തിൽ പോലീസ് വിശദമായി ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാളിൽനിന്നു വിവരങ്ങൾ ശേഖരിച്ചതായി സിഐ പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് കല്ലാച്ചി സ്വദേശിയെ എലത്തൂരിൽ തടഞ്ഞു നിർത്തി പൊട്ടിക്കൽ സംഘം സ്വർണം കവർന്നത്.