സ്വന്തം ലേഖകൻ
കോട്ടയം: ഒറ്റ, പെട്ട മുതൽ ഇണ്ടൻവരെ വിളിച്ചുപറഞ്ഞ് പന്തുവെട്ടുന്പോൾ കളിക്കളത്തിലേക്കാൾ ആവേശം കാണികൾക്കാണ്.
ഇതാണ് നാടൻ പന്തുകളി എന്ന വെട്ടുപന്തുകളി. ഗ്രാമങ്ങളിൽ അന്യമായി ക്കൊണ്ടിരിക്കുന്ന നാടൻ പന്തുകളി ഉണർന്നുകഴിഞ്ഞു.
കുട്ടനാട്ടുകാർക്ക് വള്ളംകളിപോലെ, തൃശൂരുകാർക്ക് പുലികളിപോലെ, കോട്ടയംകാർക്ക് ആവേശം പകരുന്ന കളിയാണ് തോൽപ്പന്തുകളിയെന്നും വെട്ടുപന്തുകളിയെന്നുമെല്ലാം അറിയപ്പെടുന്ന നാടൻ പന്തുകളി.
കോവിഡ് ദുരിതത്തിന്റെ കാലഘട്ടങ്ങളിൽ കളിക്കളത്തിൽനിന്നും മാറിനിന്ന നാടൻപന്തുകൾ പൊടിപടലങ്ങൾ ഉയർത്തി വീണ്ടും ഇണ്ടനടിക്കാൻ തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ദിവസം മുതൽ പല സംഘടനകളും രാഷ്ട്രീയപാർട്ടികളും നാടൻപന്തുകളി മത്സരം ആരംഭിച്ചുകഴിഞ്ഞു. ഇതൊരു ആവേശമാണ്, കളിക്കളത്തെയും കാണികളെയും ത്രില്ലടിപ്പിക്കുന്ന ആവേശം.
ജില്ലയിലെ ഗ്രാമപ്രദേശങ്ങളായ പാന്പാടി, പുതുപ്പള്ളി, മീനടം, പാത്താമുട്ടം, തോട്ടയ്ക്കാട്, വാകത്താനം, അഞ്ചേരി, പയ്യപ്പാടി, അരീപ്പറന്പ്, എസ്എൻപുരം, പങ്ങട, തിരുവഞ്ചൂർ, ഐങ്കൊന്പ്, കുഴിമറ്റം, മണർകാട്, പേരൂർ, മാങ്ങാനം, നെല്ലിക്കൽ, മുട്ടന്പലം, പാറന്പുഴ, തൃക്കൊടിത്താനം, കുറിച്ചി, കൂരോപ്പട, ഇല്ലിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ പതിറ്റാണ്ടുകളായി നാടൻ പന്തുകളി വളരെ ആവേശത്തോടെ നടത്തിപ്പോരുന്നു.
കോട്ടയത്തു തന്നെ 32 ടീമുകളാണ് നേറ്റീവ് ബോൾ ഫെഡറേഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടുക്കിയിലും മൂവാറ്റുപുഴയിലും പത്തനംതിട്ടയിലും ഇതിന്റെ ആവേശത്തിന് ഒരു കുറവുമില്ല.
കളിയിൽ എണ്ണംപറഞ്ഞ് കൈകൊണ്ട് പന്ത് വെട്ടിയും കാൽകൊണ്ട് അടിച്ചും കളിക്കണം. പന്ത് എതിർടീമിന്റെ അതിർത്തിക്കപ്പുറത്തേക്ക് അടിച്ചുകളഞ്ഞു പോയിന്റ് നേടണം.
കേരളാ നേറ്റീവ് ബോൾ ഫെഡറേഷൻ, നേറ്റീവ് ബോൾ അസോസിയേഷൻ എന്നീ സംഘടനകൾ രൂപീകരിക്കപ്പെട്ടതിനുശേഷം എല്ലാ വർഷവും വിവിധ സ്ഥലങ്ങളിൽ നാടൻ പന്തുകളി ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ട്.
ക്രിക്കറ്റ് ഭ്രാന്ത് നാട്ടിൻപുറത്തേക്കു കടന്നുവന്നതും ടെലിവിഷനിൽ ആസ്വാദനലോകം ചുരുങ്ങിയതും നാടൻ പന്തുകളിയിൽ ഏർപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയെങ്കിലും അതിന്റെ ആവേശത്തെ പൂർണമായി തല്ലിക്കെടുത്താൻ പോന്നതായിരുന്നില്ല അവയൊന്നും.
നാടൻ പന്തുകളി അതിന്റെ സുവർണ കാലത്തിലേക്കു മടങ്ങിപ്പോകുന്ന കാഴ്ചയാണ് ഗ്രാമങ്ങളിൽ ഇന്ന് ദൃശ്യമാകുന്നത്.
ഒരു ദേശത്തിന്റെ മുഴുവൻ ആവേശമായ നാടൻ പന്തുകളിക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണയോ സഹായമോ ലഭിക്കുന്നില്ല.
ഏഴു ജില്ലകളിൽ പ്രചാരമുള്ള കളികൾക്കു മാത്രമേ സ്പോർട്സ് വിഭാഗത്തിന്റെ പരിഗണന ലഭിക്കൂ എന്ന നിബന്ധനയാണ് മുഖ്യതടസം.
1960 ൽ കോട്ടയം തിരുനക്കര മൈതാനത്ത് വിപുലമായ രീതിയിൽ നാടൻ പന്തുകളി മത്സരം സംഘടിപ്പിക്കപ്പെട്ടിരുന്നു.
നാടൻ പന്തുകളി പ്രേമികളും പ്രാദേശിക ക്ലബ്ബുകളും ഒത്തുചേർന്നാണ് ഇത്തരമൊരു ടൂർണമെന്റിന് നേതൃത്വം നൽകിയത്.
1970 കളിൽ കോട്ടയം ജില്ലാ പോലീസ് അസോസിയേഷന് ഒരു നാടൻ പന്തുകളി ടീം ഉണ്ടായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ആ ടീമും ഇല്ലാതായി.