മുരിങ്ങൂർ: വ്യത്യസ്തമായ രുചികളും കാഴ്ചകളുമായൊരു ടൂറിസം. എറണാകുളം പെരുന്പാവൂർ സ്വദേശിയായ കെ.ഐ. എബിനാണ് ദാബകൾക്ക് പ്രശസ്തമായ ചിറങ്ങരയിലും ചെറുകിട ഭക്ഷണ ശാലകളിൽ ടൂറിസം സാദ്ധ്യതകൾ തേടിയുള്ള യാത്രയിൽ മുരിങ്ങൂരിലും എത്തിയത്.
സ്വാദിഷ്ഠമായ വടക്കേ ഇന്ത്യൻ വിഭവങ്ങൾ ഭക്ഷിക്കാൻ എത്തുന്ന ട്രക്ക് ഡ്രൈവർമാരും സഞ്ചാരികളും പ്രധാനമായും കയറുന്ന വഴിയോര ഭക്ഷണശാലകളാണ് ദാബകളെന്നും ഇതു വഴി പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങി ദീർഘ ദൂരയാത്ര ചെയ്തു വരുന്ന ട്രക്കിലെ ജീവനക്കാരുമായി അടുത്ത് ഇടപഴകാൻ സാധിക്കുമെന്നും സഞ്ചാരിയും എഴുത്തുകാരനും മലപ്പുറം രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ട്രാവൽ ആൻഡ് ടൂറിസം വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഹെഡുമായ എബിൻ പറയുന്നു.
വ്യത്യസ്തമായ ഭാഷ, സംസ്കാരം, യാത്രാനുഭവങ്ങൾ,വസ്ത്രധാരണം എന്നിവയും യാത്രയിലൂടെ മനസിലാക്കാനും കഴിയുന്നു. വടക്കേ ഇന്ത്യൻ ദാബകളിൽ അതിഥികൾക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി കയർ കട്ടിലുകൾ ആണ് ഒരുക്കിയിരിക്കുന്നത്.
മുരിങ്ങൂരിൽ പ്രവർത്തിക്കുന്ന ചെറുകിട ഭക്ഷണ ശാലയായ ക്ലൗഡ് ക്ലബിലും സഞ്ചാരികൾ രുചിയെ തേടിയെത്താറുണ്ട്. ഹണി ടീ, മസാല ടീ, പുഷ്പരാജ് തുടങ്ങി 11 തരം ചായകളാണ് ഇവിടെ പ്രധാന ആകർഷണം.
കോവിഡ് മൂലം ഹോട്ടൽ ഇൻഡസ്ട്രിയിൽ നിന്നും രാജിവക്കേണ്ടി വന്നതിനെത്തുടർന്ന് ആരംഭിച്ച പ്രസ്ഥാനത്തിന്റെ ഉടമ മിഥുൻ കൃഷ്ണയാണ്.
വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലും ദാബ ഉടമകളും ചെറുകിട ഭക്ഷണ ശാലകളും ചേർന്ന് പ്രവർത്തിച്ചാൽ മികച്ച ടൂറിസം ഉത്പന്നം സഞ്ചാരികൾക്ക് നൽകാൻ സാധിക്കുമെന്നാണ് ഈ അധ്യാപകന്റെ അഭിപ്രായം. പുതുമയാർന്ന രുചികളും കാഴ്ചകളും സഞ്ചാരികൾക്ക് നവ്യ അനുഭവങ്ങളാണെന്ന് എബിൻ പറഞ്ഞു.