ഷാജിമോന്‍ ജോസഫ്
കൊച്ചി: എന്തു വിലകൊടുത്തും കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനു മുന്നില്‍ കടമ്പകളും വെല്ലുവിളികളും ഏറെയാണ്.
സ്വന്തം മുന്നണിയില്‍നിന്നു പോലും സിപിഎമ്മിന് കാര്യമായ പിന്തുണ ഈ വിഷയത്തില്‍ കിട്ടിയിട്ടില്ല. ഘടകകക്ഷികളുടെ പിന്തുണ നേടിയെടുക്കുകതന്നെയാണ് പ്രഥമ വെല്ലുവിളി.
സിപിഐ, എല്‍ജെഡി പോലുള്ള പാര്ട്ടികളിലാകട്ടെ ആശയക്കുഴപ്പം തുടരുകയുമാണ്. ഈ പാര്‍ട്ടികളില്‍തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതിനാല്‍ നേതൃത്വങ്ങള്‍ക്ക് വ്യക്തമായ നിലപാട് പ്രഖ്യാപിക്കാന്‍ കഴിയുന്നില്ല.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കഴിഞ്ഞ ദിവസം ചേര്‍ന്നപ്പോള്‍ പദ്ധതിക്കെതിരേ ഒരു വിഭാഗം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.
എല്ജെഡിയാകട്ടെ സാമൂഹികാഘാത പഠനത്തിനുശേഷം ലൈന്‍ വ്യക്തമാക്കാമെന്ന തീരുമാനത്തിലാണ്. കുറച്ചുകൂടെ കാത്തിരുന്ന് പൊതുജനവികാരം മനസിലാക്കി നിലപാട് കൈക്കൊള്ളാനാണ് മറ്റു ചില കക്ഷികളുടെ തീരുമാനം.
പദ്ധതിയെ അനുകൂലിക്കുന്നവര്‍ക്കു പോലും ഇക്കാര്യത്തിലൊരു ധൃതിവേണ്ടെന്ന അഭിപ്രായമുണ്ട്.
പദ്ധതിയെക്കുറിച്ച് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിതന്നെ ചില ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചതും സര്‍ക്കാരിന് തിരിച്ചടിയാണ്.
അതുപോലെ തന്നെ മെട്രോമാന് ഇ. ശ്രീധരനെപ്പോലുള്ളവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സര്‍ക്കാര്‍ വ്യക്തമായും കൃത്യമായും മറുപടി പറയേണ്ടതായി വരും.
പദ്ധതിയുടെ ദോഷവശങ്ങള്‍ ശ്രീധരന് പ്രധാനമന്ത്രിയെ നേരിട്ടു ധരിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്രനിലപാടും നിര്‍ണായകമാകും.
അതിനിടെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ കൊച്ചിയില്‍ വിളിച്ച യോഗം പ്രഹസനമായിരുന്നുവെന്ന ആക്ഷേപം വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്.
പദ്ധതിക്കുവേണ്ടി ഏറ്റവും കൂടുതല്‍ കുടിയിറക്കുഭീഷണി നേരിടുന്ന വ്യാപാരിസമൂഹത്തിന്റെ പ്രതിനിധികളെ ഉള്‍പ്പെടെ യോഗത്തിലേക്കു ക്ഷണിച്ചില്ലെന്നും സര്‍ക്കാരിനെ അനുകൂലിച്ചു സംസാരിക്കുന്നവരെ മാത്രമാണ് യോഗത്തില്‍ പങ്കെടുപ്പിച്ചതെന്നും വിമര്‍ശനമുണ്ട്.
വ്യാപാരിസമൂഹം വലിയ ഭയപ്പാടോടെയാണ് പദ്ധതിയെ നോക്കികാണുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടുകയുണ്ടായി.
പ്രതിഷേധവും സമരവും ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനവും പദ്ധതി മുന്നോട്ടുകൊണ്ടുപോവുക ദുഷ്ക്കരമാക്കും.
ബിജെപി തുടങ്ങിയ കക്ഷികളും കൂടുതല്‍ സംഘടനകളും വരുംദിവസങ്ങളില്‍ സമരരംഗത്തിറങ്ങുമെന്ന മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.