പൂച്ചാക്കൽ: സൂക്ഷ്മാണുവിനെ ഭയന്ന് പൊതുവിടങ്ങളിൽ നിന്ന് അടച്ചിട്ട സ്വകാര്യ ഇടങ്ങളിലേക്ക് ഉൾവലിഞ്ഞ കാലത്തെ അനുസ്മരിപ്പിക്കുന്ന കലാസൃഷ്ടികളുമായി ചിത്രകാരൻ.
അടച്ചിടൽ കാലം മനുഷ്യൻ എത്രമാത്രം പരാശ്രയ ജീവിയാണ് എന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയായിരുന്നുവെന്ന് ചിത്രങ്ങൾ വിളിച്ചുപറയുന്നു.
ചേർത്തല പള്ളിപ്പുറം സ്വദേശിയായ ചിത്രകാരൻ സജിത് പനയ്ക്കന്റെ ‘ടൈം ആൻഡ് ടൈഡ് ‘ എന്ന ചിത്രപ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ( ഡി.സി കിഴക്കേമുറി ഇടം) നാല് മുതൽ 10 വരെ നടക്കുകയാണ്.
കേരള ലളിത കലാഅക്കാദമി ആണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. 2016 ന് ശേഷം വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.
കോവിഡ് 19 ന്റെ അടച്ചിടൽ കാലത്ത് വരച്ച കലാ സൃഷ്ടികൾ ഇതിലുൾപ്പെടുത്തിയിരിക്കുന്നു.
ഈ ആധുനിക യുഗത്തിലും മനുഷ്യജീവിതത്തിലെ സാമൂഹിക രാഷ്്ട്രീയ പാരിസ്ഥിതിക ഇടങ്ങളിൽ എല്ലാം തന്നെ കോവിഡ് സൂക്ഷ്മാണുവിന്റെ ഇടപെടൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എത്രത്തോളം വലുതായിരുന്നു എന്ന് ചിന്തിക്കേണ്ടതാണ് എന്ന് ഈ ചിത്രകാരൻ വരച്ചുകാട്ടുന്നു.
വരുംതലമുറയ്ക്ക് കാലം കോവിഡിനു മുൻപും ശേഷവും എന്ന് ചരിത്രപരമായി വേർതിരിക്കപ്പെട്ട കാലമായിരിക്കുമെന്ന് ചിത്രകാരൻ പറയുന്നു.
മനുഷ്യന്റെ പ്രകൃതി ചൂഷണത്തെ വിഷയമാക്കി 2014 ‘പഞ്ചാരമണൽ കാഴ്ചകൾ’ എന്ന പേരിലും 2016 ‘ടൈം ആൻഡ് ടൈഡ് ‘ എന്നപേരിലും കൊച്ചിയിൽ സജിത് പനയ്ക്കന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
ഇതിന്റെ തുടർച്ചയാണ് കോട്ടയത്ത് നടക്കാൻ പോകുന്ന ഈ പ്രദർശനവും. ഈ പ്രദർശനത്തിന്റെ കാറ്റലോഗ് പ്രകാശനം സിനിമാ സംവിധായകൻ ജയരാജ് കോട്ടയത്തു നിർവ്വഹിച്ചു.