കണ്ണൂർ: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ സംസ്ഥാനത്തുടനീളം അന്വേഷണം ഊർജിതമാക്കി പോലീസ്. ഉന്നതരടക്കം കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.വിവിധ ജില്ലകളിൽ നിന്നായി ഏഴുപേരെ നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. പാലക്കാട്, എറണാകുളം,തൃശൂർ തുടങ്ങിയ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.കണ്ണൂർ സിറ്റി സ്വദേശിയുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. രണ്ടരലക്ഷം രൂപ തട്ടിപ്പിലൂടെ പോയെന്നാണ് പരാതി.
ജില്ലയിൽ ആയിരത്തിലധികം ആളുകൾ തട്ടിപ്പിന് ഇരയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ പേർ തട്ടിപ്പിന് ഇരകളായിട്ടും പോലീസിൽ പരാതി നൽകാൻ മടിക്കുകയാണെന്ന് എസിപി പി.പി. സദാനന്ദൻ പറഞ്ഞു. പരാതി നൽകിയാലും പണം തിരിച്ച് കിട്ടില്ലെന്ന് ആളുകൾക്ക് ബോധ്യമുണ്ടെന്നും അതുകൊണ്ടാണ് പലരും പരാതി നൽകാൻ മുന്നോട്ട് വരാത്തതെന്നും അദ്ദേഹം പറഞ്ഞു.
വീട്ടമ്മമാരും ന്യൂ ജെൻ പിള്ളേരുമാണ് കൂടുതലായും തട്ടിപ്പിനിരയാകുന്നത്. എളുപ്പത്തിൽ പണം ഉണ്ടാക്കാൻ അവർ കണ്ടെത്തുന്ന മാർഗം അവർക്ക് തന്നെ വിനയാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 40 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
1265 കോടിയുടെ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക തെളിവുകളെല്ലാം പോലീസ് ശേഖരിച്ച് കഴിഞ്ഞു. നിരവധി പേർ പോലീസ് നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിൽ അവരെ പിടികൂടാനാവുമെന്നും അദ്ദേഹം പറഞ്ഞു.