ബോളിവുഡിലെ പല താരപുത്രന്മാരേയും പുത്രിമാരേയും തന്റെ സിനിമകളിലൂടെ വെള്ളിത്തിരയിലെത്തിച്ച സംവിധായകനാണ് കരണ്‍ ജോഹർ.
ആലിയ ഭട്ട് മുതല്‍ അനന്യ പാണ്ഡെ വരെ നീണ്ടു കിടക്കുന്നതാണ് കരണ്‍ കാമറയ്ക്കു മുന്നിലെത്തിച്ചവർ.
എന്നാല്‍ താരകുടുംബങ്ങളില്‍ നിന്നുമല്ലാതെ വന്നവരെവച്ചും കരണ്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്.
ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയില്ലാതെ കടന്നുവന്ന് സ്വന്തമായൊരു ഇടം നേടിയ താരമാണ് അനുഷ്ക ശർമ.
ഷാരൂഖ് ഖാന് ചിത്രം രബ് നേ ബനാദി ജോഡിയിലൂടെയായിരുന്നു അനുഷ്കയുടെ അരങ്ങേറ്റം.
എന്നാല്‍ രസകരമായൊരു വസ്തുത ഈ ചിത്രത്തില്‍ അനുഷ്കയെ അഭിനയിപ്പിക്കുന്നതിന് തുടക്കത്തില്‍ കരണ്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നതാണ്.
ചിത്രത്തിന്റെ നിര്‍മാതാവായ ആദിത്യ ചോപ്രയോട് അനുഷ്കയ്ക്ക് പകരം മറ്റൊരാളെ കാസ്റ്റ് ചെയ്യണമെന്ന് കരണ്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേക്കുറിച്ച് കരണ്‍ തന്നെയാണ് ഒരിക്കൽ തുറന്നുപറഞ്ഞത്. ഞാന്‍ നന്നായി ശ്രമിച്ചിരുന്നു. ഞാന്‍ ആദിത്യയോട് തന്നെ പറഞ്ഞിരുന്നു ഇവളെ അഭിനയിപ്പിക്കരുതെന്ന്.
അവന് അനുഷ്ക ശര്‍മയുടെ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ നിനക്കെന്താ ഭ്രാന്താണോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. രബ് നേയുടെ ചിത്രീകരണ സമയത്തും അങ്ങനെ തന്നെയായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്.
അവള് വധുവിന്റെ വേഷത്തില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ അമ്മയ്ക്കും ഇഷ്ടപ്പെട്ടില്ല. അമ്മ വന്ന് അവള് കഥാപാത്രത്തിലേക്ക് മുഴുകിയിട്ടില്ലെന്ന് എന്നോട് പറഞ്ഞു.
അതോടെ ഈ പാവത്തിന് ഈ സിനിമയ്ക്ക് ശേഷം ഒരു കരിയര്‍ ഉണ്ടാകില്ലല്ലോ അതുകൊണ്ട് അവളോട് മാന്യമായി പെരുമാറണമെന്നുവരെ ഞാന്‍ കരുതിയിരുന്നു.
ആദിത്യ അവളെ അഭിനയിപ്പിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇവളില്‍ എന്താണ് ആദി കണ്ടതെന്നായിരുന്നു ഞാന്‍ ആലോചിച്ചത്.
പിന്നീട് സിനിമ കണ്ടപ്പോഴും എനിക്ക് അനുഷ്കയുടെ പ്രകടനം ഓക്കെയായിട്ടേ തോന്നിയുള്ളൂ.
എന്നാല്‍ പിന്നാലെവന്ന ബാന്റ് ബജാ ബാരാത്ത് കണ്ടതോടെ ഞാന്‍ ഞെട്ടിപ്പോയി. പിന്നീടു ഞാൻ അനുഷ്കയുടെ ആരാധകനായി മാറിയെന്നുമാണ് കരണ്‍ പറഞ്ഞത്. -പിജി