ജോർജിയ: യുഎസിനെ കഴിഞ്ഞ വർഷം പിടിച്ചു കുലുക്കിയ വംശീയ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു തിരികൊളുത്തിയ അഹമ്മദ് ആർബറി കൊലപാതക കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ ഗ്രിഗറി മക്മൈക്കലിൻ (65), മകൻ ട്രാവിസ് എന്നിവർക്ക് പരോളില്ലാതെ ജീവപര്യന്തം തടവുശിക്ഷ.
മറ്റൊരു പ്രതിയായ വില്യം ബ്രയാന് (52) പരോളോടു കൂടിയ ജീവപര്യന്തം ശിക്ഷയും ഗ്ലിൻ കൗണ്ടി സുപ്പീരിയർ കോടതി വിധിച്ചു.2020 ഫെബ്രുവരി 23ന് ജോർജിയ സംസ്ഥാനത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
വെള്ളക്കാർ താമസിക്കുന്ന ജോർജിയയിലെ കടലോര നഗരമായ ബ്രൺസ്വിക്കിനു സമീപമുള്ള സാറ്റില്ലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ജോഗിംഗ് നടത്തുകയായിരുന്ന കറുത്ത വർഗക്കാരനായ ആർബറിയെ മോഷ്ടാവെന്നു സംശയിച്ചു മൂവർ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു.
റോഡരികിലൂടെ ആർബറി ഓടുന്നതു കണ്ടപ്പോൾ, എന്തോ മോഷണം നടത്തിയ ശേഷം കടന്നുകളയാനുള്ള ശ്രമമായാണു മക്മൈക്കലിനും ട്രാവിസിനും തോന്നിയത്.
വീട്ടിനുള്ളിൽ നിന്ന് തോക്കും എടുത്ത് പിക്കപ്പ് ട്രക്കിൽ ഇരുവരും ആർബറിയെ പിന്തുടർന്നു. സമീപവാസിയായ വില്യം ബ്രയാനും പിക്കപ്പിൽ ഒപ്പംകൂടി. മൂന്നു തവണ ആർബറിയെ ട്രക്ക് കൊണ്ട് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചെങ്കിലും ആർബറി ഒഴിഞ്ഞുമാറി.
അപകടം മണത്ത ആർബറി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും മൂവരും ചേർന്ന് ആർബറിയെ വളഞ്ഞു. ഇതിനിടയിൽ ട്രാവിസ് തോക്കുചൂണ്ടുകയും തോക്കിൽ കടന്നുപിടിച്ച ആർബറിയെ മൂന്നു തവണ വെടിവയ്ക്കുകയും ചെയ്തുവെന്നാണു കേസ്.
എലിക്കെണിയിൽ വീഴ്ത്തിയതുപോലെ ആർബിയെ കുടുക്കിയെന്നാണ് ഇവർ പിന്നീടു നൽകിയ മൊഴി. സംഭവത്തിന്റെ വിഡിയോ ബ്രയാൻ ചിത്രീകരിക്കുകയും ചെയ്തു.നിഷ്ഠൂരമായ നരനായാട്ടിന്റെ വീഡിയോ കണ്ടു ജനം കൂട്ടത്തോടെ തെരുവിലിറങ്ങി.
ഇതിനു പിന്നാലെ 2020 മേയിൽ യുഎസിലെ മിനിയപ്പലിസ് നഗരത്തിൽ ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡിനെ പോലീസ് ഓഫിസർ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊല്ലുന്നതിന്റെ വിഡിയോ കൂടി പുറത്തുവന്നതോടെ യുഎസ് ഇളകി മറിഞ്ഞു.
ആർബറിയെ പിന്തുടരുന്നതും കൊലപ്പെടുത്തുന്നതും ഉൾപ്പെട്ട ദൃശ്യങ്ങൾ സംഭവമുണ്ടായി രണ്ടു മാസത്തിനു ശേഷം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് പ്രതിരോധത്തിലായി. തുടർന്ന് 2020 മേയ് 7ന് ട്രാവിസിനെയും പിതാവ് ഗ്രിഗറിയെയും അറസ്റ്റ് ചെയ്തു.
മേയ് 21ന് ബ്രയാനും അറസ്റ്റിലായി. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റത്തിനു പുറമേ വംശീയ വെറിക്കുറ്റവും ചുമത്തി.പ്രതിഷേധം ശക്തമായതോടെ പൗരന്മാർക്ക് അറസ്റ്റിന് അധികാരം നൽകുന്ന നിയമം ജോർജിയ അസാധുവാക്കിയിരുന്നു.