കോഴിക്കോട്: ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. കോഴിക്കോട് വെള്ളയിൽ തൊടിയിൽ ടി. മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷയെ പോലീസ് എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മോഹന്‍ദാസ് വൈകുന്നേരം ജയിലില്‍നിന്നും പുറത്തിറങ്ങി. കേസില്‍ അന്വേഷണം തുടരുകയാണെന്ന് വെള്ളയില്‍ പോലീസ് അറിയിച്ചു. ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്കിയ പരാതിയും പോലീസിന്റെ പരിഗണനയിലാണ്.
കീഴടങ്ങാനിരിക്കെ ഇയാളുടെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം നാലരയ്ക്കാണ് കോഴിക്കോട് ബീച്ചിൽ വച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്.
പരിക്കേറ്റ ബിന്ദു അമ്മിണി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മോഹൻദാസ് ബീച്ചാശുപത്രിയിലും ചികിത്സ തേടിയിരുന്നു. ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീട്ടിലെത്തിയാണ് വെള്ളയിൽ സിഐ മൊഴി രേഖപ്പെടുത്തിയത്. ഒരു കേസുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് സുഹൃത്തിനെ കാണാനാണ് ബിന്ദു അമ്മിണി കോഴിക്കോട് ബീച്ചിലെത്തിയത്. മോഹൻദാസ് ഈ സമയം ബീച്ചിലുണ്ടായിരുന്നു.
ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീയല്ലേ എന്നു ചോദിച്ചായിരുന്നു ശല്യം ചെയ്തതെന്ന് ബിന്ദു അമ്മിണി പോലീസിനോടു പറഞ്ഞു. ശല്യം സഹിക്കാൻ പറ്റാതെ ഓട്ടോറിക്ഷയിൽ കയറി പോകാൻ ശ്രമിച്ചപ്പോൾ ഓട്ടോറിക്ഷ ഇയാൾ തടഞ്ഞുവച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. ശല്യം തുടങ്ങിയപ്പോൾ തന്നെ കൊയിലാണ്ടി പോലീസിൽ വിവരം അറിയിച്ചിരുന്നു.
മോഹൻദാസിനെ മുൻപരിചയമല്ലെന്ന് ബിന്ദു പറഞ്ഞു. ബീച്ചിൽ എത്തിയപ്പോൾ മാത്രമാണ് കണ്ടത്. ഇരുവരം തമ്മിൽ വാക്കേറ്റം നടന്നിരുന്നുവെന്നും ഇതിന്റെ തുടർച്ചയായാണ് കൈയേറ്റമെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ബിന്ദുവിന്റെ അടിയേറ്റ് പ്രതിക്കും പരിക്കുണ്ട്.