തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം സോണൽ ഓഫീസിലെ റവന്യൂ വിഭാഗം 2021 ഡിസംബർ 29ന് വിവിധ ഇനങ്ങളിലായി പിരിച്ചെടുത്ത തുക നാളിതു വരെ ട്രഷറിയിൽ അടച്ചിട്ടില്ലെന്നു വിജിലൻസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി.
കോർപറേഷൻ വാഹനങ്ങളുടെ ഇന്ധനക്ഷമതാ ടെസ്റ്റ് നടത്താറില്ലെന്നും ലോഗ് ബുക്ക് പരിപാലിക്കുന്നില്ല.തിരുവനന്തപുരം വെണ്‍പാലവട്ടം സോണൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടര സെന്റ് ഭൂമിയിൽ നിർമിച്ച കെട്ടിടത്തിനായി 2019ൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും നാളിതു വരെ അപേക്ഷയിൽ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
തിരുവനന്തപുരം കോർപ്പറേഷൻ വട്ടിയൂർക്കാവ് സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ കെട്ടിട നിർമാണത്തിനുള്ള അപേക്ഷകളിൽ ചിലത് നിരസിക്കപ്പെട്ടതായും ഈ വിവരം അപേക്ഷകരെ മാസങ്ങളായി അറിയിച്ചിട്ടില്ലെന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.