ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ആളെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയും ജനനേന്ദ്രിയം ഭക്ഷിക്കുകയും ചെയ്ത കുറ്റത്തിന് മുന്‍ അധ്യാപകന് ജീവപര്യന്ത്യം തടവുശിക്ഷ വിധിച്ച് ബെര്‍ലിന്‍ കോടതി.
നരഭോജിയായ 42കാരന് സ്റ്റീഫന്‍ ആര് എന്നയാള്‍ക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
2020 ലാണ് സംഭവം പുറംലോകമറിയുന്നത്. 2020 നവംബറില്‍ സ്റ്റീഫന്‍ ടിയുടെ എല്ലിന്‍കഷണങ്ങള്‍ പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 43 കാരന്റെ മൃതദേഹാവശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
കൊല്ലപ്പെട്ടയാളുടെ ഫോണ്‍കോളുകളും മറ്റു രേഖകളും പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
42കാരനായ സ്റ്റീഫന്‍ ആര് ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴിയായിരുന്നു സ്റ്റീഫന്‍ ടി എന്നയാളെ പരിചയപ്പട്ടത്. ശേഷം ഇയാളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മയക്കുമരുന്ന് നല്കി ബോധരഹിതനാക്കുകയായിരുന്നു.
പിന്നീട് സ്റ്റീഫന്‍ ആര് ഇയാളുടെ കഴുത്തും ജനനേന്ദ്രിയവും മുറിച്ചു കളയുകയും ഇത് ഭക്ഷിക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.
ശേഷം മൃതദേഹം കഷണങ്ങളാക്കി ബെര്‍ലിന്റെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ സ്വാഭാവികമരണമാണ് സ്റ്റീഫന്‍ ടി യുടേതെന്നാണ് സ്റ്റീഫന്‍ ആറിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
സ്റ്റീഫന്‍ ആറിന്റെ വീട്ടില്‍ വെച്ച് അയാള്‍ മരിക്കുകയായിരുന്നു. എന്നാല്‍ സ്വവര്‍ഗബന്ധം മറ്റുള്ളവര്‍ അറിയുമോ എന്ന് ഭയന്ന് മൃതദേഹം വിവിധ ഭാഗങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സ്റ്റീഫന്‍ ആറിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
തന്റെ 30 വര്‍ഷത്തെ സേവനത്തില്‍ ഇതുപോലൊരു കേസ് മുന്നില്‍ വന്നിട്ടില്ലെന്നായിരുന്നു ജഡ്ജ് മാത്തിസ് ഷെര്‍ട്സ് വിധി പ്രസ്താവിച്ചു കൊണ്ട് പറഞ്ഞത്.