മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ സകാറ്റെകാസിൽ നിർത്തിയിട്ട കാറിൽനിന്നു 10 മൃതദേഹങ്ങൾ കണ്ടെത്തി.
വ്യാഴാഴ്ച പുലർച്ചയോടെ ലോക്കൽ സ്റ്റേറ്റ് ഗവർണറുടെ ഓഫീസിനു സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണു വാഹനം കണ്ടെത്തിയത്.
സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ലോക്കൽ സ്റ്റേറ്റ് ഗവർണർ ഡേവിഡ് മോർണിയർ പറഞ്ഞു.
മെക്സിക്കൻ സംസ്ഥാനമായ സാകറ്റെകാസിൽ മയക്കുമരുന്നു മാഫിയകൾ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവാണ്.
ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതാണ് രീതി. ഇതിന്റെ തുടർച്ചയായാണ് പൊതുസ്ഥത്ത് മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട സംഭവത്തെയും കാണുന്നത്.
മൃതദേഹങ്ങൾ ഒടിച്ചുമടക്കിയ നിലയിൽ കാറിനുള്ളിൽ കുത്തിനിറച്ച അവസ്ഥയിലായിരുന്നു. ഇവർ ക്രൂരമായ മർദനത്തിന് വിധേയമായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ അന്വേഷണം നടക്കുന്നതായും എന്തു വിലകൊടുത്തും സമാധാനം പുനഃസ്ഥാപിക്കുമെന്നും ഗവർണർ പറഞ്ഞു.
മയക്കുമരുന്ന് സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന മെക്സിക്കോയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻവർധനയാണ് അടുത്ത കാലത്തുണ്ടായത്.
2021- ൽ മാത്രം 31,615 കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ ഭൂരിഭാഗവും മയക്കുമരുന്നു മാഫിയകൾ തമ്മിലുള്ള പോരാട്ടത്തിലാണു സംഭവിച്ചത്. തൊട്ടുമുന്‍പത്തെ വർഷം 32,814 പേരാണു കൊല്ലപ്പെട്ടത്.