കോട്ടയം: നീതുവിന്റെ വിവാഹം കഴിഞ്ഞിട്ടു 11 വർഷം. ഖത്തറിൽ ഓയിൽ റിഗിലെ ഉദ്യോഗസ്ഥനായ തിരുവല്ല സ്വദേശി സുധിയാണ് ഭർത്താവ്.
ഡിസംബറിൽ സുധി അവധിക്കു നാട്ടിലെത്തിയിരുന്നു. ഈസമയം നീതുവും മകനും കുറ്റൂരിലെ ഭർത്തൃവീട്ടിലെത്തിയിരുന്നു.
സുധി രണ്ടാഴ്ച മുന്‍പാണു മടങ്ങിയത്. വളരെ സന്തോഷത്തോടെയായിരുന്നു അവിടെ കഴിഞ്ഞതെന്ന് സുധിയുടെ രക്ഷിതാക്കൾ പറഞ്ഞു.
അഞ്ചുവർഷം മുന്‍പാണ് നീതു ഇവന്റ് മാനേജ്മെന്റ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ താമസം തുടങ്ങിയത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നീതു അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ.
ഇതറിഞ്ഞ് കുറ്റൂരിലെ വീട്ടിലുള്ള പിതാവിനെ വിളിച്ചു സുധി വിവരങ്ങൾ അന്വേഷിച്ചിരുന്നു.
സുധി നാട്ടിലേക്കു വരാൻ ശ്രമിക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു. സാന്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ്.
കളമശേരിയിൽ 2020 ഡിസംബർ വരെ താമസിച്ചിരുന്ന നീതുരാജ്, ഫ്ളാറ്റിലെ സമീപവാസികളോടു ക്രൈംബ്രാഞ്ചിൽ പോലീസുകാർക്കു ക്ലാസെടുക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്.
ഭർത്താവിന് കപ്പലിലാണ് ജോലിയെന്നും പറഞ്ഞു. ഭർത്താവ് നാട്ടിൽ ഇല്ലാത്തപ്പോൾ തുടർച്ചയായി ആളുകൾ വരുന്നതും രാത്രി മുഴുവൻ ഉച്ചത്തിൽ പാട്ടുവച്ചു ഡാൻസും ബഹളവുമായതോടെ പരാതി ഉയർന്നു.
സമീപവാസികൾ ഫ്ളാറ്റ് സുരക്ഷാ ജീവനക്കാരോടു പരാതിപ്പെട്ടതോടെ വാക്കുതർക്കത്തിലേക്ക് എത്തുകയും ഫ്ളാറ്റ് ഒഴിയുകയുമായിരുന്നു. പിന്നീട് കളമശേരി മൂലേപ്പാടത്താണു വീട് എടുത്തത്.