തൊടുപുഴ: അടിമാലിയിൽ വീട്ടമ്മയെ കുത്തികൊലപ്പെടുത്തി മാറിടം മുറിച്ചു മാറ്റിയ കേസിൽ വിചാരണ ഇന്നാരംഭിക്കും.
അടിമാലി 14-ാംമൈൽ ചരുവിള പുത്തൻവീട്ടിൽ സെലീന (41) കൊല്ലപ്പെട്ട കേസിലാണ് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്.ശശികുമാർ മുന്പാകെ വിചാരണ തുടങ്ങുന്നത്.
തൊടുപുഴ വണ്ടമറ്റം പടിക്കുഴിയിൽ ഗിരോഷ് (35) ആണ് പ്രതി. ഗിരോഷും കൊല്ലപ്പെട്ട സെലീനയും തമ്മിലുള്ള സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. 2017 ഒക്ടോബർ പത്തിനായിരുന്നു സംഭവം.
അടിമാലിയിൽ ഓർക്കിഡ് കോപ്പി റാന്റ് സിസ്റ്റം എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഗിരോഷ്. സെലീന വക്കീലും ഫാമിലി കൗണ്സിലറും ആണെന്നു പറഞ്ഞാണ് ഇയാളെ പരിചയപ്പെട്ടത്.
പ്രതിയുടെ കടയിൽ ജോലി ചെയ്തിരുന്ന യുവതി ഗർഭിണിയാണെന്ന് കള്ളം പറഞ്ഞ് ഗിരോഷിനെ കൊണ്ട് ഇവരെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.
ഇതിന്റെ പേരിൽ സെലീന പല തവണയായി 1,08,000 രൂപ ഗിരോഷിൽ നിന്നും വാങ്ങിയിരുന്നു.
ഇതു കൂടാതെ സെലീനയുടെയും ഭർത്താവിന്റെയും പേരിലുള്ള കാറിന്റെ ഉടമസ്ഥത ഗിരോഷിന്റെ പേരിലേക്ക് മാറ്റിയതിനു ശേഷം ഇയാളുടെ അമ്മയെയും സുഹൃത്തിനെയും ജാമ്യം നിർത്തി ധനകാര്യ സ്ഥാപനത്തിൽ നിന്നും രണ്ടു ലക്ഷം വായ്പയെടുത്ത് ഇത് തിരിച്ചടയ്ക്കാതെ കുടിശികയാക്കിയതിനെ തുടർന്ന് ജപ്തി നോട്ടീസും വന്നിരുന്നു.
ഇതെല്ലാം ഗിരോഷിന് സെലീനയോടുള്ള വൈരാഗ്യത്തിനു കാരണമായി.സംഭവ ദിവസം സെലീനയുടെ വീട്ടിലെത്തിയ ഗിരോഷ് ഭാര്യ ആശുപത്രിയിലാണെന്നും പണം തിരിച്ചു വേണമെന്നും ആവശ്യപ്പെട്ടു.
ഇതെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സെലീനയെ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം മാറിടം മുറിച്ചെടുത്ത് സഞ്ചിയിലാക്കി സ്ഥലം വിടുകയായിരുന്നു.
മത്സ്യവ്യാപാരിയായ സെലീനയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി.
സമീപത്തെ കടയിലെ നിരീക്ഷണ കാമറയിൽ നിന്നും നിന്നും പ്രതി സെലീനയുടെ വീട്ടിലെത്തുന്നതും മടങ്ങുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു.
തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നെത്തിയ പോലീസ് മണിക്കൂറുകൾക്കകം ഇയാളുടെ വണ്ടമറ്റത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളാണ് നിർണായകമാകുന്നത്. അടിമാലി സി.ഐ പി.കെ.സാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ 59 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.സുനിൽദത്ത് ഹാജരാകും.