മെഡിക്കൽ കോളജ് : മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന പെണ്‍വാണിഭസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ചാലക്കുഴി റോഡിലെ നിർമല ആശുപത്രിക്ക് സമീപത്തുള്ള ഗോകുലം ലോഡ്ജ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയ സംഭവത്തിൽ നടത്തിപ്പുകാരായ ആറ്റുകാൽ ദേവീക്ഷേത്രത്തിന് സമീപം ഓട്ടുകാൽവിളാകം വീട്ടിൽ ജലജ (58), കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിന് സമീപം വി.പി തമ്പി റോഡിൽ കൃഷ്ണ മന്ദിരത്തിൽ മനു (36) എന്നിവരുൾപ്പെടെ ഒന്‍പതു പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്തതിൽ 28 വയസുള്ള ആസാം സ്വദേശിനിയും ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുലക്ഷത്തിമുപ്പത്തിമൂവായിരം രൂപയും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
ലോഡ്ജ് കേന്ദ്രീകരിച്ച് ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ പെൺവാണിഭം നടത്തുന്നതായി മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോഡ്ജ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ, എസ്ഐമാരായ പ്രശാന്ത്, പ്രിയ, വിജയബാബു, സജു, എഎസ്ഐമാരായ ശ്രീകുമാർ, ബിജു, എസ്സിപിഒമാരായ രഞ്ജിത്ത്, അനിൽ കുമാർ , സിപിഒമാരായ ബിമൽ മിത്ര, ബിനു, ബിപിൻ, റൂബി, അഞ്ജിത എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.