വടക്കാഞ്ചേരി: വിനോദ സഞ്ചാരകേന്ദ്രമായ ചെപ്പാറയുടെ മുകളിലേക്കു സഞ്ചാരികൾക്കു കയറുന്നതിനു കൈവരികൾ പിടിപ്പിച്ച നടപ്പാതയിലൂടെ മനുഷ്യജീവന് അപകടം വരത്തക്കവിധം അനുമതിയില്ലാതെ ജീപ്പ് ഓടിച്ചു കയറ്റി സാഹസിക ഡ്രൈവിംഗ് നടത്തിയ ഒന്നാം കല്ല് കുമരനെല്ലൂർ സ്വദേശി നാലുപുരയിൽ വീട്ടിൽ മുഹമ്മദ് റാഷിദി (20) നെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു.
കുമരനെല്ലൂർ സ്വദേശിയായ ലൈസെ മുഹമ്മദ് റാഷിദിന്റെ പേരിലുള്ള KL48Q3300 നന്പർ താർ ജീപ്പാണ് വിനോദസഞ്ചാരികൾ നടന്നുകയറുന്ന കൈവരികൾ പിടിപ്പിച്ച നടപ്പാതയിലൂടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സാഹസിക ഡ്രൈവിംഗ് നടത്തിയത്.
ഇൗ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു വടക്കാഞ്ചേരി സിഐ കെ. മാധവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. വടക്കാഞ്ചേരി എസ്ഐ കെ.ജെ. പ്രവീണ്‍ വാഹനം പിടിച്ചെടുത്തു.
തുടർന്നും ഇത്തരത്തിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വടക്കാഞ്ചേരി പോലീസ് മുന്നറിയിപ്പു നൽകി.