കടുത്തുരുത്തി: ഹിമാലയ സാനുക്കളില്‍ നിന്നും ശരണംവിളികളുമായി മൂന്ന് അയ്യപ്പന്മാര് കാല്‍നടയാത്രയായി ശബരിമലയിലേക്ക്.
14 വര്‍ഷമായി മുടങ്ങാതെ ശബരിമലയ്ക്കു പോകുന്നവരാണ് കാസര്‍കോട് കുട്ലു സ്വദേശികളായ സനത് കുമാര്‍, പ്രശാന്ത്, സമ്പത്ത് ഷെട്ടി എന്നിവര്‍.
മകരവിളക്കിന് ശബരിമലയില്‍ എത്തി അയ്യപ്പദര്‍ശനം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഓരോ വര്‍ഷവും രാജ്യത്തെ ഓരോ തീര്‍ഥാടന കേന്ദ്രങ്ങളില്‍നിന്നുമാണ് കെട്ടു മുറുക്കി ശരണം വിളിച്ചു യാത്ര തുടങ്ങുന്നത്.
മുദ്രയണിഞ്ഞ് കറുപ്പും ഉടുത്ത് നഗ്നപാദരായി ഇത്തവണ ബദരീനാഥില്‍ നിന്നാണ് ഇവരുടെ യാത്ര.
കാസര്‍കോഡ് നിന്നും ട്രെയിന്‍ മാര്‍ഗം ബദരിനാഥിലെത്തിയ ശേഷമാണ് യാത്ര. സെപ്തംബര്‍ മൂന്നിനാണ് ഇരുമുടി കെട്ടുമായി പദയാത്ര ആരംഭിച്ചത്.
ഋഷികേശ്, ഹരിദ്വാര്‍, വൃന്ദാവന്‍, മഥുര, ഉജ്ജയിനി, ഷിരാഡി, കോലാപ്പൂര്‍, ഗോകര്‍ണം, മുരഡേശ്വര്, ഉഡുപ്പി, കാസര്‍കോഡ്, കോഴിക്കോട്, ഗുരുവായൂര്‍, ചോറ്റാനിക്കര വഴിയാണ് കടുത്തുരുത്തിയിലെത്തിയത്.
യു പി, രാജസ്ഥാന്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് കേരളത്തിലെത്തിയത്. ബദരീനാഥില്‍ നിന്നും മൂവായിരത്തി എഴുന്നൂറ് കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് ഇവര്‍ കടുത്തുരുത്തിയിലെത്തിയത്.
ഇന്നലെ രാവിലെ കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെത്തിയ സംഘം രാത്രിയില്‍ മള്ളിയൂര്‍ ക്ഷേത്രത്തില്‍ തങ്ങും.
തുടര്‍ന്ന് ഇന്ന് രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം യാത്ര തുടരും. കിടങ്ങൂര്‍, ചിറക്കടവ്, എരുമേലി വഴി ശബരിമലയിലെത്തും.
പുലര്‍ച്ചെ നാല് മുതല്‍ ഉച്ചയ്ക്കു 11 വരെയും വൈകൂന്നേരം നാല് മുതല്‍ ആറ് വരെയുമാണ് യാത്ര. ഒരു ദിവസം 30 മുതല്‍ 40 കിലോ മീറ്റര്‍ വരെയാണ് യാത്ര.