ആരോഗ്യമുള്ള പല്ലുകളുടെ സംരക്ഷണത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ബ്രഷിംഗ്. ബ്രഷിംഗിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റുമാണു പ്രധാനമായും ഉപയോഗിക്കന്നത്. ഇവയെ കൂടാതെ ഡെന്റൽ ഫ്ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വാട്ടർ ഇറിഗേഷൻ ഉപകരണങ്ങൾ, ടംഗ് ക്ലീനറുകൾ എന്നിവയും ഉപയോഗിക്കുന്നു.
പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഭക്ഷണമാലിന്യങ്ങളും പ്ലാക്കും നീക്കം ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇവ നീക്കം ചെയ്യാത്തതുമൂലം ദന്തക്ഷയം, പല വിധ മോണരോഗങ്ങൾ, വായ്നാറ്റം എന്നിങ്ങനെയുള്ള അവസ്ഥകൾ കാലക്രമേണ ഉണ്ടാകുന്നു. ആയതിനാൽ നിത്യേനയുള്ള വായയുടെ ശുചീകരണം ആവശ്യമാണ്.
ഫ്ലൂറൈഡ് പേസ്റ്റ്
പല്ലുകളും മോണയും വൃത്തിയാക്കുന്നതിനായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണു ടൂത്ത് ബ്രഷ്. എല്ലാ ദിവസവും രാവിലെയും രാത്രിയിൽ ഉറങ്ങുന്നതിനുമുന്പും ഫ്ളൂറൈഡ് അടങ്ങിയിട്ടുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ബ്രഷ് ചെയ്യണം.
ടൂത്ത് ബ്രഷ് എന്തിന്?
* പല്ലുകളും അവയ്ക്കിടയും വൃത്തിയാക്കാൻ.* പ്ലാക്കിന്റെ രൂപീകരണം തടയാൻ * പ്ലാക്ക് നീക്കം ചെയ്യാൻ * നാക്ക് വൃത്തിയാക്കാൻ
ടൂത്ത് ബ്രഷുകൾ പലതരം
ടൂത്ത് ബ്രഷുകൾ പല തരത്തിൽ ലഭ്യമാണ്. ഇവ ഓരോന്നിനും പ്രത്യേക ഉപയോഗങ്ങളുമുണ്ട്. മാനുവൽ ടൂത്ത് ബ്രഷ്, പവർഡ് ടൂത്ത് ബ്രഷ്, സോണിക് അൾട്രാ സോണിക് ടൂത്ത് ബ്രഷ്, അയോണിക് ടൂത്ത് ബ്രഷുകൾ, തിംബിൾ ബ്രഷ്, പല്ലിട ശുചീകരണ ബ്രഷ് എന്നിവയൊക്കെയാണ് ലഭ്യമായ വിവിധതരം ടൂത്ത് ബ്രഷുകൾ.
മാനുവൽ ടൂത്ത് ബ്രഷ് – വലുപ്പം, ആകൃതി, ഘടന എന്നിവയിൽ വ്യക്തിഗത ആവശ്യകത അനുസരിച്ചു നിർമിച്ചിട്ടുള്ളവയാണ് മാനുവൽ ടൂത്ത് ബ്രഷ്. ഇവയ്ക്ക് വായയുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാൻ എളുപ്പമാണ്.
സോണിക്, അൾട്രാസോണിക് ടൂത്ത് ബ്രഷുകൾ – വൈദ്യുതി ഉപയോഗിച്ച് ഉയർന്ന ആവൃത്തി ദ്രുതചലനങ്ങൾ ഉണ്ടാക്കി കറ നീക്കംചെയ്യാൻ സഹായിക്കുന്നു.
അയോണിക് ടൂത്ത് ബ്രഷുകൾ – അയോണുകളുടെ ഉപയോഗത്തിലൂടെ പ്ലാക്ക് നീക്കംചെയ്യുകയാണ് അയോണിക് ടൂത്ത് ബ്രഷുകൾ ചെയ്യുന്നത്.
തിംബിൾ ബ്രഷ് – പല്ലു മുളയ്ക്കുന്ന പ്രായത്തിൽ അമ്മ, കൈയുറയുടെ രൂപത്തിലുള്ള ബ്രഷ് ഉപയോഗിച്ച് കുട്ടിയുടെ പല്ലുകൾ വൃത്തിയാക്കി കൊടുക്കണം. ഇത്തരത്തിലുള്ള ബ്രഷിനെയാണ് തിംബിൾ ബ്രഷ് എന്നു പറയുന്നത്.
പല്ലിട ശുചീകരണ ബ്രഷുകൾ – പല്ലുകളുടെ ഇടയിലുള്ള വിടവുകൾ വൃത്തിയാക്കാനും ഈ ഭാഗങ്ങളിലുള്ള പ്ലാക്ക് നീക്കം ചെയ്യാനും പല്ലിട ശുചീകരണ ബ്രഷുകൾ ഉപയോഗിക്കുന്നു.
പവേർഡ് ടൂത്ത് ബ്രഷ് – ശാരീരികമായ തളർച്ചയുള്ളവർ, കൈക്ക് ബലക്കുറവുള്ളവർ, കൈ വലിപ്പിച്ചു ബ്രഷ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, സഹായിക്കുന്ന ആൾക്കാർ ബ്രഷ് ചെയ്യിപ്പിക്കുന്നതായി വരുന്ന സാഹചര്യം ഇതിനെല്ലാം പവേർഡ് ടൂത്ത് ബ്രഷ് അഥവാ മോട്ടറൈസ്ഡ് ടൂത്ത് ബ്രഷ് വളരെ സഹായകരമാണ്.
ബാറ്ററി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഈ ബ്രഷ് 300-600 രൂപയ്ക്കു ലഭിക്കും. പല്ലു തേക്കുന്നതിന് അമിതമായ ബലം കൊടുക്കുന്നവർക്ക് ഈ ബ്രഷ് നിർദേശിക്കാറുണ്ട്.
(തുടരും)
വിവരങ്ങൾ –ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903