ടി.ജി.ബൈജുനാഥ്
ഇഷ്ടമുള്ള ബിരിയാണി ആസ്വദിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിലെത്തുന്ന ഗുജറാത്തി സ്ട്രീറ്റിലെ ചിത്രയെന്ന വലിയ ജിമിക്കി കമ്മലിട്ട പെണ്കുട്ടി.
വീട്ടിലെ പുലാവ്, ബിരിയാണിക്കു പകരമാവില്ലെന്ന തിരിച്ചറിവോടെ രുചിഭേദങ്ങളെ പ്രണയിച്ചവൾക്കു പിറന്നാൾരാവിൽ വീട്ടുപടിക്കലെത്തി സ്പെഷൽ ബിരിയാണി സമ്മാനിക്കുന്ന സാബുവെന്ന കാമുകൻ. ഭക്ഷണത്തിലും ജീവിതത്തിലും, രുചികളുംഇഷ്ടങ്ങളും ഒന്നാണെന്നു തിരിച്ചറിയുന്നതോടെചിത്രയുടെയും സാബുവിന്റെയും ജീവിതം മധുരിതമാകുന്നു.
ആഷിക് അമീറിന്റെയും ഫാഹിം സഫറിന്റെയും രുചിക്കൂട്ടിൽ അഹമ്മദ് കബീർ ഒരുക്കിയ മധുരത്തിനു ഹൃദയം തൊടുന്ന പ്രണയത്തിന്റെ ഫ്ളേവർ സമ്മാനിച്ച സാബുവും ചിത്രയും സിനിമ തീരുന്പൊഴും മനസുവിട്ടുപോകുന്നതേയില്ല. ശ്രുതിരാമചന്ദ്രന്റെ സ്ക്രീൻ നിമിഷങ്ങളിൽ മധുരം നിറയ്ക്കുകയാണു ചിത്ര.
‘അന്വേഷണം’ കഴിഞ്ഞ്
‘അന്വേഷണം’ ചെയ്തു കഴിഞ്ഞിരിക്കുന്ന സമയത്താണ് മധുരത്തിന്റെ കഥയുമായി സംവിധായകൻ അഹമ്മദ് കബീർ ശ്രുതിയുടെ അടുത്തെത്തിയത്. ‘അന്വേഷണം കുറച്ചു ഹെവി സബ്ജക്ടായിരുന്നു. അഹമ്മദ് വളരെ ലൈറ്റായ ഹാപ്പി ഫീൽഗുഡ് സബ്ജക്ട് പറഞ്ഞപ്പോൾ പെട്ടെന്നു തന്നെ ഞാൻ യേസ് പറഞ്ഞു.
പിന്നെ, ജോജു ചേട്ടന്റെ പ്രൊഡക്്ഷനുമാണ്. ബൈ സ്റ്റാൻഡേഴ്സിന്റെ കഥയാണെന്നു പറഞ്ഞിരുന്നു. ചിത്രയെന്ന കഥാപാത്രത്തെക്കുറിച്ചും. ജോജു എന്ന നടന്റെ വർക്കുകൾ വളരെ അടുത്തു ഫോളോ ചെയ്യുന്നുണ്ട്;
ജോസഫും പോറിഞ്ചുവും അതിനുമുന്നേ ചെയ്ത സിനിമകളുമൊക്കെ. വളരെ ഫൈൻ ആർട്ടിസ്റ്റാണ്. ഒരു കോ ആക്ടറെന്ന നിലയിൽ ഒപ്പോസിറ്റ് നിൽക്കുന്പോൾ ജോജു ചേട്ടനിൽ നിന്ന് ഒരുപാടു പഠിക്കാനാകുമെന്നും അറിയാമായിരുന്നു.’ – ശ്രുതി
പറയുന്നു.
സീൻ തുടങ്ങും മുന്പ്
‘അഭിനേതാക്കൾക്ക് അവരുടേതായ സ്വാതന്ത്ര്യം നല്കുന്ന സംവിധായകനാണ് അഹമ്മദ് കബീർ ’-ശ്രുതി പറയുന്നു. ‘ സീനുകളും അതിന്റെ വിഷ്വലൈസേഷനും സ്ക്രിപ്റ്റിൽ എഴുതിയിരുന്നു. പക്ഷേ, നമുക്ക് ഇംപ്രോവൈസ് ചെയ്യാനുള്ള ഇടമുണ്ടായിരുന്നു. സ്ക്രിപ്റ്റിലെ ഡയലോഗ് ഫോളോ ചെയ്യണമെന്നൊന്നും അഹമ്മദ് പറഞ്ഞിട്ടില്ല.
ആ സമയത്തു ചിത്രയ്ക്കും സാബുവിനും തോന്നുന്നതു ചെയ്യൂ എന്നാ ണു പറഞ്ഞത്. സീൻ തുടങ്ങുന്നതിനുമുന്പ് ജോജുചേട്ടനും അഹമ്മദും ജിതിനും ഒരു ഐഡിയ ഉണ്ടാക്കും.
എന്നിട്ട് അത് എന്നോടു പറയും. തുടർന്ന് ഞാനും ജോജു ചേട്ടനും ഇതെങ്ങനെയാവും ചിത്രയും സാബുവും പറയുന്നത് എന്നു നോക്കും. അപ്പോൾ റൈറ്റേഴ്സും ഉണ്ടാവും കൂടെ. അങ്ങനെ രൂപപ്പെട്ടുവന്ന സീക്വൻസുകളാണ് ഞങ്ങളുടേത്.’
ചിത്രയുടെ മൂക്കുത്തി മാത്രം
ചിത്രയാകുന്നതിനു മുന്നേ, പരിചയമുണ്ടായിരുന്ന ചില ഫോർട്ട് കൊച്ചി ഗുജറാത്തികളുടെ അടുത്തുപോയി സംസാരിച്ചതായി ശ്രുതി. ‘ സമീറ ചേച്ചിയാണു കോസ്റ്റ്യൂംസ് ചെയ്തത്. ചിത്രയുടെ മൂക്കുത്തി മാത്രം എന്റേതാണ്. ലുക്ക് ടെസ്റ്റിനു പോയപ്പോൾ ചിത്രയ്ക്ക് എന്തെങ്കിലും ഒരു യുണീക് പീസ് ഉണ്ടായിരിക്കുമെന്നു ഞാൻ വിചാരിച്ചു. എന്റെ കയ്യിൽ കുറേ
മൂക്കുത്തികൾ ഉണ്ടായിരുന്നു.
അതിലെ വലുത്നമുക്കു നോക്കാമെന്നു പറഞ്ഞത് ഇതിന്റെ സിനിമാറ്റോഗ്രഫറായ ജിതിനാണ്. മേക്കപ്പ് ചെയ്തതു റോണക്സ് ചേട്ടൻ. ഹെയർ ചെയ്തതു സീമ ചേച്ചി. എന്നെ ചിത്രയാക്കിയതിൽ ഇവർക്കെല്ലാം വലിയ പങ്കുണ്ട്.’
നിങ്ങൾ പ്രണയിച്ച പോലെ
മധുരത്തിലേതുപോലെ ഒരു പ്രത്യേക വൈബുള്ള പ്രണയവേഷം മുന്പു ചെയ്തിട്ടില്ലെന്നു ശ്രുതി പറയുന്നു. ‘ ചിത്രയുടെയും സാബുവിന്റെയും റിലേഷൻഷിപ്പ് എന്തുകൊണ്ടാണ് ഇത്രയും മുന്പിട്ടു നിൽക്കുന്നതെന്നു ചോദിച്ചാൽ…എല്ലാവർക്കും ഇങ്ങനത്തെ ഒരു കഥയുണ്ടാവും ചേർത്തു വയ്ക്കാൻ.
എല്ലാവർക്കും ഇങ്ങനെ പ്രണയിക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കാം. നിങ്ങൾ പ്രണയിച്ച പോലെ എനിക്കു പ്രണയിക്കണം എന്നു പറയുന്ന മെസേജുകളാണ് ഇപ്പോൾ കൂടുതലായി കിട്ടുന്നത്. ചിത്രയുടെയും സാബുവിന്റെയും വേറെ തന്നെ ഒരു ലോകമാണ്. ഹോസ്പിറ്റൽ മറ്റൊരു ലോകം. അവിടെ സാബുവിന്റെ ജീവിതം ആശുപത്രി കൂട്ടിരിപ്പുകാരുടെ ജീവിതവുമായി കെട്ടുപിണഞ്ഞതാണ് .’
രുചിരഹസ്യം
ബിരിയാണിരുചിയുടെ രഹസ്യം തേടുന്ന ചിത്രയോട് നല്ല സ്നേഹത്തോടെ ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണത്തിന് ഒരു പ്രത്യേക രുചിയാണെന്നു പറയുന്നുണ്ട് സാബു. വീണുപോകുന്ന ചിത്രയെ ചേർത്തുപിടിക്കുന്ന സ്നേഹമാണ് അവരുടെ ജീവിതം മധുരിതമാക്കുന്ന റെസിപ്പി. ‘ ചിത്രയുടെ ഫസ്റ്റ് ലവ് ഭക്ഷണം തന്നെയാണ്.
ഷിപ്പിലെ ഷെഫ് ആയ സാബുവിനും ഭക്ഷണത്തോടു വലിയ താത്പര്യമുണ്ട്. മധുരത്തിൽ ഭക്ഷണമുണ്ട്. പ്രണയമുണ്ട്. കുറച്ചു നല്ല ഇമോഷനുകളുണ്ട്. ഭക്ഷണം എന്നതു കുറേപ്പേരെ ഒന്നിപ്പിക്കുന്ന സംഭവമാണ്. അതുകൊണ്ടാണ് മധുരം ഇത്രയും അടുത്തു നിൽക്കുന്ന സിനിമയായത്’- ശ്രുതി പറയുന്നു.
ജാഫറിക്കയുടെ ടൈമിംഗ്
കുഞ്ഞിക്കയും സാബുവും ചിത്രയുമുള്ള ചെറിയൊരു ലോകവും മധുരത്തിൽ കാണാം. കുഞ്ഞിക്കയായി വേഷമിട്ട ജാഫർ ഇടുക്കിയുടേതു സൂപ്പർ ടൈമിംഗാണെന്ന് ശ്രുതി. ‘ ജാഫറിക്ക അങ്ങനെ അഭിനയിക്കുന്പോൾ നമുക്ക് അവിടെയിരുന്നു റിയാക്ട് ചെയ്താൽ മാത്രം മതി.
ആദ്യത്തെ കുറച്ചു സീനുകൾ അങ്ങനെയായിരുന്നു. ക്രമേണ ഞാനും ടൈമിംഗിലെത്തിയപ്പോൾ ഞങ്ങളുടെ അഭിനയം ഗിവ് ആൻഡ് ടേക്ക് രീതിയിലെത്തി. അനുഭവ സന്പത്തുള്ള ജാഫറിക്ക ഒപ്പോസിറ്റ് നിൽക്കുന്പോൾ നമുക്ക് എന്താണു പഠിക്കാൻ പറ്റുക എന്നാണു നോക്കിയത്.’
ഷെറിനും ചിത്രയും
സോണി ലിവിലൂടെ ശ്രുതിയുടെ രണ്ടു സിനിമകളാണ് കഴിഞ്ഞ വർഷം പ്രേക്ഷകരിലെത്തിയത്. കാണെക്കാണെയും മധുരവും. ‘കാണെക്കാണെയിലെ ഷെറിൻ ഏറെ സിംപതി കിട്ടിയ കഥാപാത്രമാണ്. അതു ഞാൻ ചെയ്തതിനാലും അതിന്റെ ബാക്ക് സ്റ്റോറിയും മറ്റും അറിയാവുന്നതിനാലും ഷെറിൻ എപ്പോഴും പ്രിയപ്പെട്ട ഒരു വേഷമായിരിക്കും.
പക്ഷേ, ഓഡിയൻസ് അതിനെ സ്വീകരിച്ചതു വേറെ ഒരു ലെവലിൽ ആയിരുന്നു. അത്രയും പ്രതീക്ഷിച്ചിരുന്നില്ല. മധുരത്തിന് അതിലുമേറെയാണു കിട്ടുന്നത്. തിയറ്ററിൽ എക്സ് പ്ലോർ ചെയ്യാനാവാത്ത ഒരുപാടു വ്യത്യസ്ത സംഭവങ്ങൾ ഓടിടിയിൽ എക്സ്പ്ലോർ ചെയ്യാനാകുന്നുണ്ട്.’
ഇളമൈ ഇതോ ഇതോ
സ്ക്രിപ്റ്റ് എഴുത്താണ് ശ്രുതിയുടെ മറ്റൊരിടം. ‘പുത്തം പുതു കാലൈ’ തമിഴ് ആന്തോളജിയിൽ സുധ കോങ്ങര സംവിധാനം ചെയ്ത, ജയറാമും ഉർവശിയും മുഖ്യവേഷങ്ങളിലെത്തിയ ‘ഇളമൈ ഇതോ ഇതോ’ സെഗ്്മെന്റിനു തിരക്കഥയൊരുക്കിയതു ശ്രുതിയും ഭർത്താവ് ഫ്രാൻസിസുമാണ്.
‘സുധയും ഫ്രാൻസിസും ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. കോവിഡ് വരവിൽ പ്ലാനുകൾ മാറിമറിഞ്ഞു. ഹോപ് എന്ന വണ്ലൈനിൽ കഥ തേടി ആമസോണ് വന്നു. ആക്ടേഴ്സും ടെക്നീഷൻസും ഉൾപ്പെടെ അഞ്ചുപേരെ പാടുള്ളൂ. അങ്ങനെ ഡെവലപ് ചെയ്തു വന്ന കഥയാണത്.
ഒരു സീൻ കണ്സീവ് ചെയ്യാനും അതിനെ വിഷ്വലൈസ് ചെയ്യാനുമൊക്കെ എനിക്ക് ഇഷ്്ടമാണ്. ഫ്രാൻസിസ് റൈറ്ററുമാണ്. ഒന്നിച്ചുജീവിക്കുന്പോൾ ഒരുതരം മനപ്പൊരുത്തം ഉണ്ടാകണമല്ലോ. അതു കൂടി ഉണ്ടായിരുന്നതിനാൽ ആ സിനിമ വർക്കൗട്ടായി. തമിഴിൽ ഒരു ഫീച്ചർ ഫിലിം എഴുതുന്നു. തെലുങ്കിൽ ഒരു വെബ് സീരീസും. മലയാളത്തിൽ ഒരു സ്ക്രിപ്റ്റ് എഴുതിവച്ചിട്ടുണ്ട്.’- ശ്രുതി പറയുന്നു.
കമലയും സണ്ണിയും
തന്റെ കഥാപാത്രങ്ങൾക്കു വേണ്ടി ഡബ്ബ് ചെയ്യാറു ള്ള ശ്രുതി കമലയിലാണ് മറ്റൊരു ആർട്ടിസ്റ്റിനുവേണ്ടി ആദ്യമായി ഡബ്ബ് ചെയ്തത്. റുഹാനി ശർമയ്ക്കു നല്കിയ ശബ്ദം ശ്രുതിചേർന്നപ്പോൾ ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് ശ്രുതിയെ തേടിയെത്തി. ‘കമലയിൽ രഞ്ജിത് വിളിച്ചപ്പോൾ ഒരു വോയ്സ് ടെസ്റ്റിനു പോയതായിരുന്നു.
സണ്ണിക്കു വേണ്ടി വീണ്ടും വിളിച്ചു; ശ്രിത ശിവദാസ് ചെയ്ത അദിതിക്കു ശബ്ദം നല്കാൻ. സണ്ണിയിൽ ജയേട്ടൻ മാത്രമല്ലാ ഉള്ളൂ. വേറെ കാരക്ടേഴ്സ് ഒന്നുമില്ലല്ലോ. അതിൽ വോയ്സിനു വളരെ പ്രാധാന്യമുണ്ട്.’ ഡബ്ബിംഗ് സീരിയസായി ചെയ്യുന്നില്ലെന്നും ഇഷ്ടപ്പെട്ട ഏതെങ്കിലും കഥാപാത്രങ്ങളോ സിനിമകളോ വന്നാൽ ചിലപ്പോൾ ഡബ്ബ് ചെയ്യുമെന്നും ശ്രുതി പറയുന്നു.
ഇനി, ‘എന്താടാ സജി’
പുതുമുഖം ഗോഡ്ഫി ബാബു എഴുതി സംവിധാനം ചെയ്യുന്ന ഫീൽഗുഡ് മൂവി ‘എന്താടാ സജി’യാണ് ശ്രുതിയുടെ അടുത്ത സിനിമ. നിർമാണം ലിസ്റ്റിൻ സ്റ്റീഫൻ. കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് ചിത്രത്തിലെ നായകന്മാർ.