കണ്ണൂർ: ഇടുക്കി പൈനാവ് ഗവ. എൻജിനിയറിംഗ് കോളജിൽ കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹം ഇന്ന് ജന്മനാടായ കണ്ണൂരിലെത്തിക്കും.
അക്രമ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.തളിപ്പറന്പിൽ വലിയ പോലീസ് സന്നാഹം തന്നെ ക്യാമ്പ് ചെയ്തിട്ടുണ്ട്. ദേശീയ പാതകളിൽ പോലീസ് പരിശോധന ശക്തമാക്കി.
മാഹിപ്പാലം, തലശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം ബസാര്‍, തോട്ടട ഗവ.പോളിടെക്നിക്, താഴെചൊവ്വ, കണ്ണൂര്‍ തെക്കി ബസാര്‍, പുതിയതെരു, പാപ്പിനിശേരി പഞ്ചായത്ത്, കല്യാശേരി, ധര്‍മശാല എന്നിവിടങ്ങളിൽ മൃതദേഹം ആംബുലൻസിൽ വച്ച് പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്.
ധീരജിന്റെ ജന്മനാടായ തളിപ്പറന്പും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയിലെ പലയിടങ്ങളിലും ഇന്നലെ അക്രമസംഭവങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ വർധിപ്പിച്ചത്.
തളിപ്പറമ്പ് കെകെഎന്‍ പരിയാരം സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് തളിപ്പറന്പ് സിപിഎം ഏരിയാകമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും.
ഇന്ന് വൈകുന്നേരം നാലു മുതല്‍ തളിപ്പറമ്പ് ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് മെഡിക്കല്‍ ഷോപ്പുകളെയും, ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്.