തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും അതൊന്നും ബാധകമാകാതെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം.
സമ്മേളനത്തോടനുബന്ധിച്ച് 502 സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചു.
ജനുവരി 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, എംഎൽഎ സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള തിരുവാതിര കളി.
കോവിഡ്, ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു.
അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചത്. ഇടയ്ക്ക് സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങി.
ആൾക്കൂട്ടം ഒത്തുചേരുന്ന പരിപാടികളും പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന നിർദേശം നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.
രാഷ്ട്രീയ പൊതുപരിപാടികൾക്കു നിലവിൽ വിലക്കില്ലെന്നും ശാരീരിക അകലമടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തിയതെന്നുമാണ് സംഘാടകർ പറയുന്നത്.