റാന്നി: പെരുന്തേനരുവി തടയണയിൽ സ്ഥിതി ചെയ്യുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പന്പുഹൗസിൽനിന്നും കൂറ്റൻ അണലിയെ പിടികൂടി.
ഇന്നലെ രാവിലെ പന്പുഹൗസിലെത്തിയ ജീവനക്കാരാണ് കുടിവെള്ള ടാങ്കിൽ അകപ്പെട്ട നിലയിൽ അണലിയെ കണ്ടെത്തിയത്.
തുടർന്ന് വനംവകുപ്പിന്റെ ദ്രുതകർമ സേനയുടെ റാന്നി യൂണിറ്റിനെ വിവരം അറിയിച്ചു. അസാമാന്യ വലുപ്പമുള്ള അണലി വെള്ളപ്പൊക്കത്തിൽ നദിയിലൂടെ ഒഴുകിയെത്തിയതാകുമെന്നാണ് നിഗമനം.
വെള്ളം ഉയർന്നു കിടന്ന സമയത്ത് പന്പുഹൗസിന്റെ ടാങ്കിലകപ്പെടുകയും പിന്നീട് അതിൽ കുടുങ്ങുകയുമായിരുന്നു. ഇവിടെ നിന്നാണ് എരുമേലി അടക്കം തീർഥാടന പാതയിലെല്ലാം കുടിവെള്ളം എത്തിക്കുന്നത്.
ആർ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്എഫ്ഒ കെ. ആർ. ദിലീപ് കുമാർ, ബിഎഫ്ഒമാരായ എം. അജയ കുമാർ, ജെ.ആർ രജനീഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അണലിയെ പിടികൂടിയത്.
ഇതിനെ പിന്നീട് റാന്നിയിലെ ദ്രുതകർമ സേനയുടെ ഓഫീസിലെത്തിച്ചു.പിന്നീട് ശബരിമല വനത്തിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.