പാലോട് : ആദിവാസികള്‍ക്ക് പരിശീലനത്തിന് നല്കിയ ഗുണനിലവാരമില്ലാത്ത ചെണ്ടകള്‍ പട്ടികവര്‍ഗവകുപ്പിന്റെ പ്രോജക്ട് ഓഫീസര്‍ സര്‍ക്കാര്‍ വാഹനത്തിലെത്തി തിരികെകൊണ്ടുപോയി. പെരിങ്ങമ്മല പഞ്ചായത്തിലെ പോട്ടോമാവ് ഊരിന് നല്കിയ പത്തുചെണ്ടകളും അനുബന്ധ ഉപകരണങ്ങളുമാണ് കൊണ്ടുപോയത്.
ചെണ്ടവാങ്ങി നല്കി ഒരുമാസത്തിനുള്ളില്‍ തന്നെ അവ പൊട്ടി ഉപയോഗശൂന്യമായി. തീരെ നിലവാരം കുറഞ്ഞ ചെണ്ടകളാണ് പദ്ധതിപ്രകാരം വാങ്ങി നല്‍കിയത്. ഇതിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡയറക്ടര്‍ക്കും പരാതിനല്‍കിയിരുന്നു.
ഡയറക്ടറുടെ നിര്‍ദേശപ്രകാരം സീനിയര്‍ സൂപ്രണ്ട് ഹരികുമാറിനെ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെണ്ട വിദഗ്ധനേയും ഉള്‍പ്പെടുത്തി അന്വേഷണവും തെളിവെടുപ്പും നടന്നുവരികയായിരുന്നു.
ഇതിനിടയിലാണ് ഞായറാഴ്ച പ്രോജക്ട് ഓഫീസര്‍ പോട്ടോമാവിലെത്തി ആദിവാസി സ്ത്രീകളെകൊണ്ടു തന്നെ ചെണ്ടകള്‍ ചുമന്ന് സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്.
പട്ടിക്കവര്ഗക്കാര്ക്കായി ശംഖൊലി എന്നപേരില്‍ കുറ്റിച്ചല്‍, പെരിങ്ങമ്മല പഞ്ചായത്തുകളില്‍ ചെണ്ടപരിശീലനത്തിന് ലക്ഷങ്ങളാണ് ചെലവിട്ടത്. എന്നാല്‍ ഇതില്‍ വന്‍സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ആദിവാസികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണം വഴി തിരിച്ചുവിടാന്‍ ഊരുമൂപ്പനെ കൊണ്ട് വ്യാജസത്യവാങ്മൂലം നല്കാന് നടത്തിയ ശ്രമം അന്വേഷണകമ്മീഷന് കണ്ടെത്തിയതോടെയാണ് ആദിവാസികളെ വിരട്ടി പ്രോജക്ട് ഓഫീസര്‍ ചെണ്ടകള്‍ തിരിച്ചെടുത്തതെന്നും ആദിവാസി മഹാസഭ സംസ്ഥാനപ്രസിഡന്റ് മോഹൻ ത്രിവേണി പറഞ്ഞു.