ദാസേട്ടന്… എനിക്ക് ദാസ് സാര്‍… ആ ഒറ്റവാക്കു മാത്രം മതി മലയാളികള്‍ നെഞ്ചോടു ചേര്‍ക്കാന്‍.
എന്റെ അമ്മയും അച്ഛനുമടക്കം കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരാണ്. ഇന്നും സംഗീത ഗന്ധര്‍വനായി അവര്‍ മനസില്‍ സൂക്ഷിക്കുന്നത് അദ്ദേഹത്തെതന്നെയാണ്.
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് കോഴിക്കോട് ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക് അക്കാഡമിയില്‍ ഒരു കോമ്പറ്റീഷനുണ്ടായിരുന്നു.
മത്സരത്തില്‍ പങ്കെടുത്ത് ഫൈനലില്‍ എത്തുന്ന കുട്ടികള്‍ക്ക് യേശുദാസ് സാറിന്റെയും ജാനകിയമ്മയുടെയും മുന്നില്‍ പാടാനുള്ള അവസരം ഉണ്ടായിരുന്നു.
അമ്മ എന്നെ അതില്‍ പങ്കെടുപ്പിച്ചത് സമ്മാനം കിട്ടാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ദാസ് സാറിനെയും ജാനകിയമ്മയെയും അവര്‍ക്ക് നേരിട്ടു കാണാന്‍വേണ്ടിയായിരുന്നു.
സാധാരണ ഒരു കോമ്പറ്റീഷനും ഞാന്‍ പങ്കെടുക്കണമെന്ന് അമ്മ നിര്‍ബന്ധം പിടിക്കാറില്ല. പക്ഷേ ഇക്കാര്യത്തില്‍ അമ്മ എന്നെ നിര്‍ബന്ധിച്ചു മത്സരിപ്പിച്ചു.
ഇതൊന്ന് പാടിയിട്ട് അവസാന റൗണ്ട് വരെയെത്തിയാല്‍ മതി. അല്ലാതെ നീ സമ്മാനം വാങ്ങണ്ട അമ്മ എന്നോട് പറഞ്ഞത് അങ്ങനെയാണ്.
ഞാനങ്ങനെ മത്സരിച്ചു, വിജയിക്കുകയും ചെയ്തു. അന്നാണ് ആദ്യമായിട്ട് ദാസേട്ടനൊപ്പം നില്ക്കുന്ന ഒരു ചിത്രം എടുത്തത്.
സമ്മാനം വാങ്ങിയ ശേഷം കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ എന്നെ അദ്ദേഹം തോളില്‍പിടിച്ച് എഴുന്നേല്‍പ്പിച്ചു.
എന്നിട്ട് തന്റെ രണ്ടു കൈകള്ക്കുള്ളിലുമായി എന്റെ മുഖം പിടിച്ചു കൊണ്ട് അതീവ വാത്സല്യത്തോടെ അനുഗ്രഹിച്ചു.
എനിക്കു മാത്രമല്ല എന്റെ വീട്ടിലുള്ളവര്‍ക്കുപോലും ആ നിമിഷം വിസ്മരിക്കാനാവാത്തതാണ്. അന്ന് രാത്രി മുഴുവന്‍ ഈ കഥ പറഞ്ഞും സന്തോഷിച്ചും ഞങ്ങള്‍ ഉറങ്ങാതെ കഴിച്ചു കൂട്ടി.
-സിത്താര കൃഷ്ണകുമാര്‍