ഷൊർണൂർ: നിലന്പൂർ-ഷൊർണൂർ റൂട്ടിൽ റെയിൽവേയുടെ റെഡ് സിഗ്നൽ തുടരുന്നു. നിർത്തിവച്ച തീവണ്ടി സർവീസ് ഇനിയും പുനഃസ്ഥാപിക്കാത്തതിനാൽ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിൽ.കോവിഡ് ഭീതിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പാതയിൽ തീവണ്ടികളുടെ സൈറണ് വിളിക്കായി കാതോർക്കുകയാണ് റെയിൽ പാളങ്ങൾ.
14 തീവണ്ടികളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.ഇവരയല്ലാം ഇപ്പോൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇതമൂലം ഈ റൂട്ടിലെ യാത്രികരാണ് വലയുന്നത്.മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഗതാഗതം നിർത്തി വച്ച പാതയിൽ പ്രതീക്ഷകളുടെ പച്ചവെളിച്ചം തേടുകയാണ് യാത്രക്കാർ.
കോവിഡ് കാലം മുൻനിർത്തിയായിരുന്നു ഈ റൂട്ടിൽ മാത്രം മുഴുവൻ തീവണ്ടി സർവീസുകളും നിർത്തിവച്ചത്. ഇതു മൂലമുള്ള യാത്രാദുരിതം ഇന്നും വലിയതിരിച്ചടിയായിരിക്കുകയാണ്.ദക്ഷിണ റെയിൽവേയുടെ കൂടുതൽ യാത്രക്കാരുള്ള പാതകളിലൊന്നാണ് നിലന്പൂർ-ഷൊർണൂർ റെയിൽവേ ലൈൻ.
കോവിഡ് നിയന്ത്രണത്തെ തുടർന്ന് പാതയിലെ സർവീസ് നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും റയിൽവേ അനങ്ങുന്നില്ല.പകൽവണ്ടികൾ ഒന്നും പുനഃസ്ഥാപിക്കാത്തതാണ് കൂടുതൽ പ്രശ്നം. ഈ റൂട്ടിലെ 14 സർവീസുകളിൽ രാജ്യറാണി എക്സ്പ്രസ് മാത്രമാണ് ഇപ്പോഴുള്ളത്. രാജ്യറാണി രാത്രിയാണ് നിലന്പൂരിൽ നിന്ന് പുറപ്പെടുന്നത്.
ഇതിനാൽ ദിനംപ്രതി ജോലികൾക്ക് പോകാൻ തീവണ്ടിയെ ആശ്രയിക്കുന്നവർക്കു ഗുണമില്ല.ഏഴ് സ്റ്റേഷനുകളുള്ള പാതയിൽ വാണിയന്പലം, അങ്ങാടിപ്പുറം, ഷൊർണൂർ എന്നിവിടങ്ങളിൽ മാത്രമാണ് രാജ്യറാണിക്ക് സ്റ്റോപ്പുള്ളത്.നിലന്പൂർ മുതൽ വാടാനാംകുറിശ്ശിവരെയുള്ള മേഖലകളിലെ സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, അധ്യാപകർ, മറ്റ് മേഖലകളിലെ ജീവനക്കാർ തുടങ്ങിയവർ തീവണ്ടി സർവീസുകളെയാണ് പ്രധാനമായി ആശ്രയിച്ചിരുന്നത്.
കോവിഡ് അടച്ചുപൂട്ടലോടെ ഇവരൊക്കെ പ്രതിസന്ധിയിലാണ്. ദിവസവും രാവിലെയും വൈകീട്ടുമായി ഓരോ സർവീസെങ്കിലും തുടങ്ങണമെന്നാണ് ആവശ്യം.ഷൊർണൂർ-നിലന്പൂർ റൂട്ടിൽ ദിവസേന രാവിലെ ആറിനും രാത്രി പത്തിനുമിടയിൽ 14 സർവീസുകൾ ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിൽ നിന്ന് ഷൊർണൂരിലെത്തിയാൽ മറ്റിടങ്ങളിലേക്കൊക്കെ തീവണ്ടിയിൽ സഞ്ചരിക്കാമായിരുന്നു.
ട്രെയിൻ സർവീസ് പുനഃസ്ഥാപിക്കാൻ ജീവനക്കാരുടെ കുറവും തടസമാണ്. നിലന്പൂർ, വാണിയന്പലം, അങ്ങാടിപ്പുറം എന്നീ മൂന്ന് സ്റ്റേഷനുകളിലാണ് സ്റ്റേഷൻമാസ്റ്റർമാരുള്ളത്.നിലവിൽ ഇവിടെയൊക്കെ ഒരു ഷിഫ്റ്റിൽ മാത്രമാണ് സേവനം. കോവിഡ് ആദ്യഘട്ട അടച്ചുപൂട്ടലിനുശേഷം ജീവനക്കാരെ പ്രധാന ലൈനിലെ സ്റ്റേഷനുകളിലേക്കു മാറ്റിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
രാജ്യറാണി എക്സ്പ്രസ് വരുന്ന രാത്രിസമയത്തു മാത്രമേ ഒരു ഷിഫ്റ്റിൽ ഇവിടെ ജോലിക്കാരുള്ളു. തീവണ്ടി സർവീസുകൾ ഇനിയെങ്കിലും ഉടൻ തുടങ്ങണമെന്നാണ് യാത്രക്കാരുടെ ആവശ്യം.