ചെങ്ങന്നൂര്‍: ഐടിഐയിൽ പഠിക്കാൻ പോയ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷ കൈവിടാതെ മാതാപിതാക്കളുടെ കാത്തിരിപ്പു തുടരുന്നു.
ചെങ്ങന്നൂര മുളക്കുഴ അരീക്കര പുത്തന്‍പറമ്പില്‍ പി.എം. രവി-സുജാത ദമ്പതികളുടെ രണ്ടാമത്തെ മകൻ നിഥിൻ (18) എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ. അഞ്ചരവർഷമായി അന്വേഷണം നടക്കുന്നു.
ഐടിഐ രണ്ടാം വർഷ എസി മെക്കാനിക്കൽ വിദ്യാർഥിയായ നിഥിന്റെ തിരോധാനം സംബന്ധിച്ച് ക്രൈം നമ്പര്‍ 866/2016 പ്രകാരം ചെങ്ങന്നൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് നടത്തുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
2016 ഏപ്രില്‍ എട്ടിന് രാവിലെ ഏഴോടെ വീട്ടില്‍നിന്ന് ഐടിഐയിലേക്കു പോയ നിഥിന് തിരികെ വന്നിട്ടില്ല.
വീടിനു സമീപത്തെ മുളക്കുഴ പറയരുകാലാ ക്ഷേത്രത്തില്‍ അന്നേദിവസമായിരുന്നു ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച.
വൈകിട്ട് ഐടിഐ വിട്ടുവന്ന നിഥിൻ വീട്ടിൽ കയറാതെ യൂണിഫോമിൽ തന്നെ കെട്ടുകാഴ്ച കാണാൻ ക്ഷേത്രത്തിലേക്കു പോകുന്നതു കണ്ടതായി ചിലർ വെളിപ്പെടുത്തിയിരുന്നു.
ക്ഷേത്ര ഉത്സവം കഴിഞ്ഞ് രാത്രി 11 ഓടെ നിഥിനെ ചില കൂട്ടുകാർ ചേർന്ന് ബൈക്കില്‍ കുടുംബ വീടിന്റെ സമീപത്തെ വഴിയിൽ കൊണ്ടുവിട്ടതായും പറയുന്നു.
എന്നാല്‍ ഈ സമയം കുടുംബ വീട്ടില്‍ ചെന്നിരുന്നോ എന്നതിൽ ആർക്കും വ്യക്തതയില്ല. അന്വേഷണ ഉദ്യോഗസ്ഥരും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
നിഥിന്റെ തിരോധാനത്തിലെ ദുരൂഹത കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഏതാനും ആഴ്ചകൾക്കു ശേഷം നാട്ടുകാരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു.
എന്നാൽ, അന്നുരാത്രി എട്ടോടെ അജ്ഞാതനായ ഒരാള്‍ ഫോണില്‍ വിളിച്ച് നിഥിന് ആലുവയിലുണ്ടെന്ന് അറിയിച്ചു. വിവരം പോലീസിനു കൈമാറിയെങ്കിലും കണ്ടെത്താനായില്ല.
മറ്റൊരു ദിവസം പുലർച്ചെ നിഥിനെ കോട്ടയം നാഗമ്പടത്ത് കണ്ടെത്തിയെന്നും ഷാഡോ പോലീസ് പിടിച്ചുവെന്നും പെട്ടെന്ന് വരണമെന്നും ഫോണിലൂടെ ആരോ വിളിച്ചറിയിച്ചു.
പതിനായിരം രൂപ തന്നാല്‍ മകനെ വിട്ടുനല്‍കാമെന്നും അറിയിച്ചിരുന്നു. ഈ വിവരവും പോലീസിനെ അറിയിച്ചു. പോലീസ് കോട്ടയത്ത് ചെന്നെങ്കിലും ആളിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കാണാതാകുന്നതിന് രണ്ടു മാസം മുന്‍പ് നിഥിന്റെ പിതാവ് രവിയും മുളക്കുഴയിലുള്ള ഒരു യുവാവുമായി കൂലിത്തര്ക്കമുണ്ടായിരുന്നു.
രവിയെ കൈയേറ്റം ചെയ്തതായും പറയുന്നു. ആ സംഭവത്തിനു ശേഷം മുളക്കുഴ പിരളശേരി കണ്ണുവേലിക്കാവ് ക്ഷേത്രത്തില്‍ ഈ യുവാവും നിഥിനുമായി ബഹളമുണ്ടായെന്നും ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്ന തങ്ങളോട് അടുത്ത ഉല്‍സവം നിന്റെ ‘മോനെ കണികാണിക്കില്ല’ എന്ന് യുവാവ് പറഞ്ഞതായും നിഥിന്റെ അമ്മ സുജാത പരാതിയിൽ പറയുന്നു.
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള രണ്ട് സ്ത്രീകളില്‍നിന്നും രവി പലിശയ്ക്കു പണം വാങ്ങിയിരുന്നു. എന്നാല്‍, പിന്നീട് നിർമാണ ജോലിക്കിടെ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് രവിക്കു പരിക്കേറ്റു.
വീട്ടില്‍ വന്ന് പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇവര്‍ക്കെല്ലാം നിഥിന്റെ തിരോധാനത്തെ ക്കുറിച്ച് അറിയാമെന്ന് സംശയിക്കുന്നതായും ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ കുടുംബാംഗങ്ങൾ പറയുന്നു.
ക്രൈം ബ്രാഞ്ചിനെയോ മറ്റ് ഏതെങ്കിലും അന്വേഷണ സംഘത്തെയോ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തി മകനെ കണ്ടെത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികൾക്കും അപേക്ഷ നൽകാൻ ഒരുങ്ങുകയാണ് ചെങ്ങന്നൂര്‍ ആലാക്കാവിന് സമീപം കൊല്ലന്ചിറയില വാടകയ്ക്കുതാമസിക്കുന്ന രവിയും കുടുംബാംഗങ്ങളും.
ഇവരുടെ മൂത്ത മകന് ജിതിന് (24) ഇതിനിടെ വാഹനാപകടത്തില്‍ മരിച്ചു. ഇനി ഇളയ മകള്‍ മാത്രമാണ് ഇവര്‍ക്കൊപ്പമുള്ളത്. രണ്ടു മക്കളെ നഷ്ടപ്പെട്ട തീരാവേദനയിലാണ് ഈ മാതാപിതാക്കള്‍.