നാദാപുരം: മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവിനെ ബൈക്കിന്റെ ഉടമസ്ഥന്റെ സഹോദരൻ പിടികൂടി നാദാപുരം പോലീസിൽ ഏൽപ്പിച്ചു.
സംഭവത്തിൽ വാണിമേൽ കോടിയുറ ഒടുക്കേന്റവിട സുഹൈൽ (22) നെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.
മോഷ്ടാവിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ റോളക്സ് വാച്ചും പോലീസ് പിടികൂടി. നാദാപുരം സ്വദേശിയുടെതാണ് വാച്ച്.
കല്ലാച്ചി വിഷ്ണുമംഗലം സ്വദേശിയും തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറുമായ ചാലിൽ മീത്തൽ പ്രവീൺ രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് മോഷണം പോയ ബൈക്ക്.
കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് ജോലിക്ക് പോവുന്നതിനിടെ വടകര കെഎസ്ആർടിസി സബ് സെന്ററിൽ പാർക്ക് ചെയ്തതായിരുന്നു.
തിരുവനന്തപുരത്തേക്ക് പോയ സഹോദരന്റെ ബൈക്ക് ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ കല്ലാച്ചിയിൽ കണ്ട സഹോദരൻ പ്രവീൺ രാജിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നും ബൈക്ക് മോഷണം പോയതാണ് എന്നും മനസിലാവുന്നത്.
പ്രവീണിന്റെ സഹോദരൻ പ്രേംരാജ് കല്ലാച്ചി മാർക്കറ്റിന് മുൻവശം മൊബൈൽ റീ ചാർജ് ചെയ്യാൻ എത്തിയതായിരുന്നു.
ഇതിനിടയിലാണ് ജേഷ്ഠന്റെ ബൈക്ക് പാർക്ക് ചെയ്തത് കണ്ടത്. പാർക്ക് ചെയ്ത ബൈക്ക് സ്റ്റാർട്ട് ചെയത് പോകാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞ് വച്ച് പോലീസിനെ ഏൽപിക്കുകയായിരുന്നു.
സ്റ്റേഷനിൽ എത്തിച്ച പ്രതിയിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ റോളക്സ് വാച്ച് പോലീസ് കണ്ടെത്തി.
ഇക്കഴിഞ്ഞ എട്ടിന് നാദാപുരം ഗവ. ആശുപത്രിക്ക് പിൻവശത്തെ ഖത്തർ പ്രവാസി തടങ്ങാട്ട് അബ്ദുള്ളയുടെ വീട്ടിൽ നിന്ന് മോഷണം പോയതാണ് 10 ഡയമണ്ടുകൾ പതിച്ച എട്ട് ലക്ഷം രൂപയുടെ വാച്ചാണ് കണ്ടെത്തിയത്.
പാലക്കാട് ജില്ലാ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ബസിൽ വടകര എത്തുകയും വടകര നിന്ന് ബൈക്ക് മോഷ്ടിച്ച് നാദാപുരത്തേക്ക് വരികയായിരുന്നു.
പെട്രോൾ തീർന്നതോടെ അബ്ദുള്ളയുടെ വീട്ടിലെത്തുകയും വീട്ടിൽ അകത്ത് കയറി വാച്ചും എൺപതിനായിരം രൂപയും മോഷ്ടിക്കുകയായിരുന്നു.
നേരെത്തെ വടകര, വളയം, നാദാപുരം കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ പിടിച്ച് പറി, വീട് കയറി മോഷണം, കഞ്ചാവ് കേസുകളിൽ പ്രതിയാണ് സുഹൈൽ.