മതിലകം: മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ച കേസിൽ പ്രതിയായ പഞ്ചായത്തംഗം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ മതിലകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കു മാർച്ച് നടത്തി.
മതിലകം പഞ്ചായത്ത് 13-ാം വാർഡ് മെന്പറും ബിജെപി നേതാവുമായ സഞ്ജയ് ശാർക്കര രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.ഒരാഴ്ചമുന്പ് സത്യേഷ് ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണു മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിയുയർന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള മുദ്രാവാക്യം വിളിയുൾപ്പെടെയുള്ള ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതേത്തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് നേതാക്കൾ ഉൾപ്പെടെ 500 ഓളം പേർക്കെതിരെ കേസെടുക്കുകയും, സഞ്ജയ് ശാർക്കര ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
പഞ്ചായത്തംഗത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഎം മതിലകം, കൂളിമുട്ടം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മതിലകം സെന്ററിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്തോഫീസിന് അല്പം അകലെ പോലീസ് തടഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.കെ. ചന്ദ്രശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇ.ജി. സുരേന്ദ്രൻ അധ്യക്ഷനായി.ഏരിയ സെക്രട്ടറി കെ.കെ. അബീദലി, ലോക്കൽ സെക്രട്ടറിമാരായ പി.എം. ആൽഫ, പി.എച്ച്. അമീർ എന്നിവർ സംസാരിച്ചു.