പെരുമ്പാവൂർ: യുവാവിനെ വീട്ടിൽനിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ.
കീഴില്ലം ഏഴാം വാർഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ സാജുവിന്റെ മകൻ അൻസിൽ (28) കൊല്ലപ്പെട്ട കേസിലാണ് ബിജു, എൽവിൻ എന്നിവരെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഫോൺ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അൻസിലിനെ പ്രതികൾ വെട്ടുകയായിരുന്നു.
തലയ്ക്കും കൈക്കും പുറത്തും വെട്ടേറ്റ അൻസിലിനെ പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം
രണ്ട് ദിവസം മുൻപ് എംസി റോഡിൽ കീഴില്ലത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ പാർക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.
കൊലപാതകത്തിൽ പങ്കാളിയായ ബിജു പമ്പിലെ ജീവനക്കാരനാണ്. ഇയാൾ മൂന്ന് മാസമായി ഇവിടെ ജോലി ചെയ്ത് വരുന്ന ആളാണ്.
മറ്റൊരു പ്രതിയായ എൽവിൻ വാഹനങ്ങൾ വാങ്ങി വില്പന നടത്തുന്നയാളാണ്. പ്രതികൾക്ക് കൊല്ലപ്പെട്ടയാളുമായി മുൻ വൈരാഗ്യം ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കൊലപാതകത്തിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഗുണ്ടാ സംഘങ്ങളുമായി ബന്ധം
പ്രതികളിൽ ഒരാൾക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളതായാണ് പോലീസ് സംശയിക്കുന്നുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെട്ടാൻ ഉപയോഗിച്ച ആയുധം കിട്ടിയിട്ടില്ല. വാഹന കച്ചവടവും റിയൽ എസ്റ്റേറ്റ് ബിസിനസും ആയിരുന്നു അൻസിലിന്.
പമ്പിൽ വില്പനക്കായി കൊണ്ടുവന്ന വാഹനം പാർക്ക് ചെയ്തത് ചൊവ്വാഴ്ച വാക്ക് തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു.
പമ്പിലെ സിസിടിവി കാമറകളും മറ്റും പരിശോധിച്ചതിനു ശേഷം മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുവെന്ന് അന്വേഷണം നടത്തുന്ന കുറുപ്പംപടി പോലീസ് പറഞ്ഞു.
അൻസിലിന്റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടക്കും.