നിയാസ് മുസ്തഫ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിൽ മത്സരിപ്പിക്കണോ, ഗോരഖ്പൂരിൽ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ അന്തിമ ചർച്ചകൾ തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരാണ് ഈ വിഷയത്തിൽ ചർച്ച തുടരുന്നത്. അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
രണ്ട് മന്ത്രിമാരും നാല് എംഎൽഎമാരും പാർട്ടി വിട്ടു പോയതോടെ ബിജെപിയുടെ ആത്മവിശ്വാസത്തിന് ഇടിവുണ്ടായിട്ടുണ്ട്.
കൂടുതൽ ജനപ്രതിനിധികൾ ബിജെപി വിട്ട് പുറത്തുവരുമെന്ന പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകൾ ശരിവയ്ക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്.
ഈ സാഹചര്യത്തിൽ യോഗി അയോധ്യയിൽ മത്സരിക്കണമെന്ന ബിജെപി തീരുമാനത്തിനു പിന്നിലെ ലക്ഷ്യം ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുക എന്നതാണ്.
അയോധ്യയിൽ നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്ര നിർമ്മാണം ബിജെപിയുടെ രാഷ്ട്രീയ പ്രതിച്ഛായ വർധിപ്പിച്ചിട്ടുണ്ട്.
ഇതുവഴി ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാമെന്ന പ്രതീക്ഷയാണ് ബിജെപി വച്ചുപുലർത്തുന്നത്. ഇതിന് ശക്തി പകരാനാണ് യോഗി ആദിത്യനാഥിനെ അയോധ്യയിലേക്ക് പരിഗണിക്കുന്നത്.
അയോധ്യയിൽ യോഗിയുടെ സ്ഥാനാർത്ഥിത്വം അന്തിമമായാൽ അത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വില യിരുത്തുന്നു.
പാർട്ടി വിട്ട മന്ത്രിമാർ ഒബിസി വിഭാഗത്തിൽനിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ഒബിസി വിഭാഗത്തിൽനിന്നുള്ള വോട്ടുകളിൽ ഇടിവുണ്ടാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
49കാരനായ യോഗി ആദിത്യനാഥ് കിഴക്കൻ യുപിയിൽ നിന്നുള്ളയാളാണ്. കൂടാതെ ഗോരഖ്പൂരിൽ നിന്ന് അഞ്ച് തവണ ലോക്സഭാ എംപി ആയിട്ടുണ്ട്.
ബിജെപിയുടെ വേദ് പ്രകാശ് ഗുപ്തയാണ് നിലവിൽ അയോധ്യയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.