തിരുവനന്തപുരം: ചുരുളി സിനിമയിലെ സംഭാഷണങ്ങൾ അസഭ്യമാണെന്ന പരാതിയെത്തുടർന്ന് ഇതേപ്പറ്റി അന്വേഷണം നടത്തിയ റിപ്പോർട്ട് അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് എഡിജിപി കെ.പത്മകുമാർ.
സിനിമ കണ്ടതിനെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ മീറ്റിംഗ് അടുത്തയാഴ്ചയിൽ തന്നെ കൂടും.
വിശദമായ ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
റിപ്പോർട്ട് നൽകുന്നതിന് മുൻപ് കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി പത്മകുമാർ, എസ്പി. ദിവ്യ ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട സംഘത്തെയാണ് കോടതി ചുമതലപ്പെടുത്തിയിരുന്നത്.
സിനിമയ്ക്കെതിരെ നൽകിയ ഹർജിയെ തുടർന്നാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്.
അതേസമയം സംഭാഷണങ്ങളെ കുറ്റകൃത്യമെന്ന നിലയിൽ സമീപിക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘമെന്ന് സൂചനയുണ്ട്.
കഥയും പശ്ചാത്തലവും കഥാപാത്രങ്ങളുടെ സ്വഭാവവും ഒക്കെ കണക്കിലെടുത്ത് വിശാലമായ കാഴ്ചപ്പാടിൽ ഇവയെ കാണണമെന്ന നിലപാടിലാണ് അന്വേഷണ സംഘമെന്നറിയുന്നു.