ശബരിമല: ഭക്തസഹസ്രങ്ങളുടെ കാത്തിരിപ്പിന്റെ പുണ്യദിനം ഇന്ന്. എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ ഭഗവാന് ശബരിമല ശ്രീകോവിലില്‍ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും മാനത്തു കാണുന്ന സംക്രമനക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ലാം കൂടി ഭക്തരുടെ മനനസിനെ പുണ്യത്തിന്റെ കുളിര്‍മയിലേക്കു കൊണ്ടുവരുന്ന ദിനമാണിന്ന്.
മകരസംക്രമപൂജ
പുണ്യദിനത്തിന്റെ സുകൃതം നേടാനായി അയ്യപ്പഭക്തരുടെ കാത്തിരിപ്പാണ് എവിടെയും. ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്കാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.29ന് മകരസംക്രമ പൂജ നടക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചോടെ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനുള്ള തയാറെടുപ്പ് തുടങ്ങും.
ശബരിപീഠത്തിലെത്തുന്ന ഘോഷയാത്രയെ അവിടെനിന്ന് ആനയിച്ച് ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം അധികൃതര്‍ ആചാരപരമായി വരവേറ്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും.
പതിനെട്ടാംപടി കയറി സന്നിധാനത്തെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരണം.
മകരജ്യോതി
ശ്രീകോവിലിലേക്ക് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങും. ഒപ്പമുള്ള പെട്ടികള്‍ മാളികപ്പുറത്തേക്കു കൊണ്ടുപോകും.
തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി നട അടയ്ക്കും. പിന്നീട് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കായി നട തുറക്കും. ഇതേസമയമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.
75,000 ഭക്തര്‍ക്ക് ദര്‍ശനാനുമതി
ശബരിമല: ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി മകരവിളക്ക് ദര്‍ശനത്തിന് സിധാനം സജ്ജമാണെ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. 75,000 അയ്യപ്പഭക്തരെയാണ് മകരവിളക്ക് ദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദര്‍ശനം. അതുകൊണ്ടു തന്നെ പര്‍ണശാലകള്‍ ഇക്കൊല്ലം അനുവദിച്ചിട്ടില്ല. കെട്ടിടങ്ങള്‍ക്ക് മുകളിലും മരങ്ങളിലും കയറി മകരജ്യോതി കാണാനുള്ള ശ്രമവും വിലക്കിയിട്ടുണ്ട്.
പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് ശബരിമല സന്നിധാനവും പമ്പയുമെല്ലാം. മകരജ്യോതി ദൃശ്യമാകുന്ന സ്ഥലങ്ങളെല്ലാം പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസിനെ എല്ലാ സ്ഥലങ്ങളിലും നിയോഗിച്ചു.
ജ്യോതി ദര്‍ശനത്തിനുശേഷം ഭക്തരെ നിയന്ത്രിച്ചു മാത്രമേ മലയിറങ്ങാന്‍ അനുവദിക്കൂ. ഈ സമയം പമ്പയില്‍നിന്നു മല കയറുന്നതും തടയും.
ഉച്ചയ്ക്ക് 12 മുതല്‍ തിരുവാഭരണ ഘോഷയാത്രയ്ക്കുവേണ്ടിയും സന്നിധാനം പാതയില്‍ യാത്രാ നിയന്ത്രണമുണ്ട്. രാവിലെ 11 മുതല്‍ നിലയക്കലില് നിന്ന് പമ്പയിലേക്കു വാഹനയാത്രയും വിലക്കിയിട്ടുണ്ട്.
ജ്യോതി ദര്‍ശനത്തിനുശേഷം ഭക്തരെ തിരികെ കൊണ്ടുപോകാന്‍ കെഎസ്ആര്‍ടിസി ബസുകളും സജ്ജീകരിച്ചു. പമ്പ – നിലയ്ക്കല്‍ റൂട്ടിലും അധിക സര്‍വീസുകളുണ്ടാകും.
700 ബസുകളാണ് കെഎസ്ആര്‍ടിസി ക്രമീകരിച്ചിരിക്കുന്നത്. 500 ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നും നാളെയുമായി നടത്തും