തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒൻപത് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനിലേക്കു മാറ്റിയത് സ്വകാര്യ, അൺ എയ്ഡഡ് അടക്കമുള്ള എല്ലാ സ്കൂളുകൾക്കും ബാധകമാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കു മാറ്റമുണ്ടാകില്ല.
10, 11, 12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കോവിഡ് മാർഗരേഖ നിർദേശങ്ങൾ പരിഷ്കരിക്കും. ഇതു സംബന്ധിച്ച തയാറെടുപ്പുകളെ കുറിച്ച് ആലോചിക്കാൻ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും.
വിദ്യാർഥികളുടെ വാക്സിനേഷൻ പകുതിയോളം പൂർത്തിയായതായും ബാക്കിയുള്ള കുട്ടികൾക്ക് സ്കൂളുകളിൽ തന്നെ വാക്സിനേഷൻ നൽകാനുള്ള നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വിദ്യാർഥികൾക്ക് കോവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്ന നിർദേശമാണ് വിദഗ്ധരുടെ ഭാഗത്തു നിന്നുണ്ടായത്. എന്നാൽ, കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിനു പ്രധാനം.
വിക്ടേഴ്സ് ചാനൽ ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾക്കായി പുതിയ ടൈം ടേബിൾ ഏർപ്പെടുത്തും. അൺ എയ്ഡഡ്, സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഓൺലൈൻ നിർദേശം ബാധകമാണ്.
എസ്എസ്എല്‍സി പാഠഭാഗം ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കും. പ്ലസ്ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. എസ്എസ്എൽസി പരീക്ഷയ്ക്കു വേണ്ട ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.