തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിൽ താൻ ദുഖിച്ചില്ലെന്ന് പറയുന്നത് തെറ്റാണെന്നും ധീരജിന്റെ വീട്ടിൽ പോകണമെന്നുണ്ടെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തന്റെ മനസ് ഇരുമ്പോ കമ്പോ അല്ല. ധാരാളം മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന സാധാരണ കോൺഗ്രസുകാരനാണ് താനെന്നും സുധാകരൻ പറഞ്ഞു.
ധീരജിന്റെ കുടുംബത്തെ തള്ളിപ്പറയില്ല. സിപിഎമ്മിന്റെ അക്രമരാഷ്ടിയത്തിന്റെ ഇരയാണ് ധീരജ്. മരണം നടന്നപ്പോൾ തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തി. ധീരജ് മരിച്ച ഉടൻ ശവകുടീരം കെട്ടാൻ സ്ഥലം വാങ്ങി ആഘോഷമാക്കാൻ സിപിഎം ശ്രമിച്ചുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ധീരജിനെ കുത്തിയതാരാണെന്ന് ദൃസാക്ഷികള്ക്ക് പറയാനാകുന്നില്ല. ഇടികൊണ്ടു വീണുവെന്നാണ് മൊഴി. കൊലപാതകം കെഎസ്യുവിന്റെ തലയില്‍ വന്നത് എങ്ങനെയാണ്. ധീരജിനെ ആശുപത്രിയില്‍ എത്തിക്കാത്തതിന് പോലീസ് മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.