വിഴിഞ്ഞം: മകന്റെയും കൂട്ടുകാരന്റെയും ആക്രമണത്തിൽ നിന്ന് റഫീക്കയെ രാവും പകലും സംരക്ഷിച്ചിരുന്ന ശാന്തകുമാരിയുടെ ജീവൻ സഹായം സ്വീകരിച്ചവർ തന്നെയെടുത്തു.
ഒറ്റക്ക് താമസിക്കുന്ന തനിക്ക് ഒരു തുണയായിരിക്കുമെന്ന് കരുതി അഭയം നൽകിയവർ ജീവന് വിലപറയുമെന്ന് നിഷ്കളങ്കയായ വയോധിക അറിഞ്ഞിരുന്നില്ല.
റഫീക്കയും മകൻ റഫീക്കും കൂട്ടുകാരൻ അൽ അമീനും വാടകയ്ക്ക് താമസിക്കാൻ എത്തിയ വീടിന് കഷ്ടിച്ച് നൂറ് മീറ്റർ മാറിയുള്ള ഒരു ഷീറ്റ് മേഞ്ഞ വീടിലാണ് ശാന്തകുമാരിയുടെ താമസം. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് നാഗപ്പൻ മരണമടഞ്ഞു.
വിവാഹ ശേഷം മകൻ സനൽകുമാർ വെങ്ങാനൂരിലേക്കും മകൾ ശിവകല ആന്ധ്രായിലേക്കും താമസം മാറ്റി.
മകന്റെ വീട്ടിലേക്ക് പോകുമെങ്കിലും കൂടുതൽ ദിവസവും കുടുംബവീട്ടിൽ ഒറ്റക്കായിരുന്നു താമസം.
അധികം ആരുമായും ബന്ധമില്ലെങ്കിലുംഒരു മാസം മുൻപ് വാടകയ്ക്ക താമസിക്കാൻ എത്തിയ റഫീക്കയും കുടുംബവുമായി കൂടുതൽ അടുത്തു .
മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന റഫീക്കിന്റെയും അൽഅമീന്റെയും ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ റഫീക്ക പലരാത്രികളിലുംശാന്തകുമാരിയുടെ വീട്ടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.
ഈ വക ആത്മബന്ധവും സംരക്ഷണയും ചൂഷണം ചെയ്ത റഫീക്ക ഇവരിൽ നിന്ന്പണംകടംവാങ്ങലുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
ഒറ്റക്ക് താമസിക്കുമ്പോഴും ആഭരണങ്ങളോട് കമ്പമുള്ള ശാന്ത കഴുത്തിലും കാതിലും, കൈയിലുമായി ഏഴ് പവനിൽപ്പരം ആ ഭരണങ്ങളും അണിഞ്ഞിരുന്നു.
വീട്ടിലുള്ള പണത്തിലും ആഭരണങ്ങളിലും കണ്ണ് വച്ച സംഘം അതുവരെ നൽകിയ സഹായവും മറന്നു.
വാടക വീട് ഒഴിയുന്നതിന് മുൻപ് ശാന്തകുമാരിയെ വക വരുത്തി എല്ലാം കൈക്കലാക്കാൻ തന്ത്രങ്ങൾ മെനഞ്ഞു.
വീടൊഴിയുന്നതിനായി വീട്ടുപകരണങ്ങളിൽ പലതും കൃത്യം നിർവഹിക്കുന്നതിനും രണ്ട് ദിവസം മുൻപ് സംഘം വിറ്റു. കുറഞ്ഞ വിലക്ക് ഒരു കട്ടിൽ ശാന്തകുമാരിക്കും നൽകി.
വെള്ളിയാഴ്ച രാവിലെ നേരത്തെ നിശ്ചയിച്ച പ്രകാരം ശാന്തകുമാരിയെ കൊന്ന് വാടക വീടിന്റെ തട്ടിനുള്ളിൽ ഒളിപ്പിച്ച ശേഷം കൊലയാളികൾ സ്ഥലം വിട്ടു.
ശാന്തകുമാരിയുടെ മകൻ സനൽകുമാർ പതിവ് പോലെ ഉച്ചക്കെത്തി അമ്മയെ അന്വേക്ഷിച്ചെങ്കിലും കണ്ടെത്തിയില്ല.
മൊബൈലിൽ ബല്ല് അടിക്കുന്നതിനാൽ തൊട്ടടുത്ത ക്ഷേത്രത്തിൽ പോയിരിക്കാമെന്ന് മകൻ കരുതി.
രാവിലെ സമീപത്തെ സൊസൈറ്റിയിൽ നിന്ന് പാൽ വാങ്ങി വന്ന ശാന്തകുമാരിയെ രാവിലെ പത്തിന് നാട്ടുകാർ കണ്ടിരുന്നു.
അതിനുശേഷം നടന്ന കൊലപാതകം പുറത്തറിയുന്നത് രാത്രി എട്ടോടെയായിരുന്നു.എന്നാൽ പ്രതികളെ പിടികൂടുന്നതുവരെയും കൊല ചെയ്യപ്പെട്ടത് ശാന്തകുമാരിയാണെന്ന് നാട്ടുകാരോ പോലീസോ അറിഞ്ഞിരുന്നില്ല.