തിരുവനന്തപുരം: മെഗാ തിരുവാതിരയുടെ പൊല്ലാപ്പും നാണക്കേടും മാറും മുന്പേ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നടന്ന ഗാനമേളയും വിവാദത്തിൽ.
പൊതുപരിപാടികൾക്കും ആളുകൾ കൂട്ടം ചേരുന്നതിനും സംസ്ഥാന സർക്കാരും ജില്ലാ കളക്ടറും ഏർപ്പെടുത്തിയിരുന്ന പൂർണ വിലക്ക് തള്ളിക്കളഞ്ഞു കൊണ്ടാണ് ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിൽ ഗാനമേള നടത്തിയത്.
പാറശാലയിൽ ഇന്നലെ വരെ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തുന്നതിനു മുന്പേയാണ് പരിപാടി നടന്നത്.
ജില്ലാ സമ്മേളനത്തിലെ സ്വാഗത സംഘം സംഘടിപ്പിച്ച ഗാനമേളയിൽ പ്രതിനിധികളും റെഡ് വോളന്റിയർമാരും പ്രാദേശിക നേതാക്കളും പങ്കെടുക്കുകയും ചെയ്തു.
കോവിഡ് വ്യാപനം അതി രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഒരു തരത്തിലുമുള്ള പൊതു പരിപാടിയും നടത്താൻ പാടില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
ഇതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും വിലക്കുകളും വിശദമാക്കി ജില്ലാ കളക്ടറും പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെയാണ് നിരവധി ആളുകൾ പങ്കെടുത്ത ഗാനമേള അരങ്ങേറിയത്.
സംസ്ഥാന സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെ അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തി മെഗാ തിരുവാതിര നടത്തിയ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നടപടി വലിയ വിവാദത്തിനിടയാക്കിയിരുന്നു.
ഇതിനു പിന്നാലെ ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ചു നടത്താനിരുന്ന പ്രകടനവും പൊതുസമ്മേളനവും ഉപേക്ഷിച്ചു.
അതേസമയം, നിയന്ത്രണങ്ങൾ മറികടന്നു നടത്തിയ സമ്മേളനത്തിനിടെ നാലു പേർക്കു കോവിഡ് ബാധിച്ചു ക്ലസ്റ്റർ രൂപപ്പെട്ടതിനു പിന്നാലെയാണ് ഗാനമേള പരിപാടി നടന്നത്.